മലബാറിന്റെ വിനോദ സഞ്ചാര മേഖലയിൽ ഏറെ സാധ്യതകൾ തുറക്കുന്നതാണ് ഈ രണ്ട് പദ്ധതികളും. കെ.എസ്..ആർ.ടി.സിയുടെ മൂന്നാർ യാത്ര പുതിയ ചുവടുവെപ്പിന്റെ സൂചനകളാണ് നൽകുന്നത്. ബസുകളും കെട്ടിടങ്ങളുമായി അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള കെ.എസ്.ആർ.ടി.സിക്ക് വിനോദ സഞ്ചാര മേഖലയിൽ ഏറെ പദ്ധതികൾ ഏറ്റെടുക്കാനാകും.
മനുഷ്യൻ നാടോടിയാണ്. മാനവ രാശിയെ കുറിച്ചുള്ള ആദ്യവിവരണങ്ങളിലെ പ്രധാന വാചകമാണിത്. ലോകത്താകമാനമുള്ള മനുഷ്യർ പല കാരണങ്ങളാൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. പട്ടിണി മാറ്റാനുള്ള പലായനങ്ങൾ. മെച്ചപ്പെട്ട തൊഴിൽ തേടിയുള്ള കുടിയേറ്റങ്ങൾ, മാനസികോല്ലാസവും അനുഭവങ്ങളും തേടിയുള്ള വിനോദ യാത്രകൾ.
കൊറോണക്കാലം സഞ്ചാര മേഖലകളിലും പൊളിച്ചെഴുത്തുകൾ നടത്തി. ആകാശ യാത്രകൾ മുടങ്ങിയതോടെ അതിർത്തി കടന്നുള്ള യാത്രകൾ റദ്ദായി. ഇതോടെ പ്രാദേശിക വിനോദ സഞ്ചാരങ്ങൾ വർധിച്ചു. സാമൂഹിക അകലമെന്ന പുതിയ രീതി വന്നതോടെ കൂട്ടംകൂടിയുള്ള യാത്രകൾ കുറഞ്ഞു. മലബാറിൽ നിന്ന് ഹിമാലയത്തിലേക്ക് ബൈക്കിൽ പോകുന്നവരുടെ എണ്ണം കൂടി. കോവിഡ് വ്യാപനം സഞ്ചാര മേഖലയിലും പുതിയ മാറ്റങ്ങളുണ്ടാക്കി.
കൊറോണക്കാലം വിനോദ സഞ്ചാര മേഖലയിലുണ്ടാക്കിയ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ; പ്രാദേശിക വിനോദ സഞ്ചാര സാധ്യതകളെ ഉപയോഗപ്പെടുത്തി കെ.എസ്.ആർ.ടി.സിയും ഇന്ത്യൻ റെയിൽവേയും കൊണ്ടുവരുന്ന പുതിയ പദ്ധതികൾ മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് പുതിയ ഉണർവു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തു നിന്ന് കെ.എസ്.ആർ.ടി.സി ആരംഭിച്ച മൂന്നാർ ബസ് യാത്ര ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി മനോഹരമായ നിലമ്പൂർ-ഷൊർണൂർ പാതയിൽ റെയിൽവേ ആരംഭിക്കാനിരിക്കുന്ന വിസ്റ്റഡോം തീവണ്ടി കോച്ചുകൾ മലബാറിന്റെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ വിനോദ സഞ്ചാര മേഖലയിൽ നാഴികക്കല്ലാകാൻ സാധ്യതയുള്ളതാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന കെ.എസ്.ആർ.ടി.സിക്ക് വരുമാന വർധനയുണ്ടാക്കുന്നതാണ് മലപ്പുറം-മൂന്നാർ ടൂർ പ്രോഗ്രാം. കോവിഡ് മൂലം ബസ് സർവീസുകൾ നിർത്തിവെച്ചതോടെ നഷ്ടത്തിന്റെ തോത് കൂടിയ കെ.എസ്.ആർ.ടി.സിക്ക് ഉദിച്ച പുതിയ ബുദ്ധി ആ സ്ഥാപനത്തിന് ആശ്വാസമാകുമെന്ന് മാത്രമല്ല, പുതിയൊരു യാത്രാ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയും ചെയ്യും. യാത്രികർക്കാകട്ടെ, ഇത് കുറഞ്ഞ ചെലവിൽ സഞ്ചാര സാധ്യതകൾ തുറന്നു കൊടുക്കുകയും ചെയ്യുന്നു.
മലബാറിൽ നിന്നുള്ള വിനോദ യാത്രകൾ ഏറെയും ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്കായിരുന്നു. കോവിഡ് മൂലം അയൽ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ പരിമിതപ്പെട്ട സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി മൂന്നാറിലേക്ക് മലബാർ സഞ്ചാരികളെ ക്ഷണിച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് കെ.എസ്.ആർ.ടി.സി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ആയിരം രൂപ യാത്രാ ചെലവിൽ ഒരാൾക്ക് മൂന്നാർ കണ്ടു വരാമെന്നത് യാത്രികരെ സംബന്ധിച്ചും ചെലവു കുറഞ്ഞതാണ്. ലക്ഷുറി ബസുകളിൽ നിരക്കിൽ 1500 രൂപ വരെ വർധനയുണ്ട്. കെ.എസ്.ആർ.ടി.സിയുടെ സൗകര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഈ യാത്രാപരിപാടി. മൂന്നാറിലേക്കുള്ള യാത്രയും അവിടുത്തെ താമസവും പ്രത്യേകം സജ്ജീകരിച്ച ബസിൽ. രാത്രിയിൽ ഉറങ്ങുന്നതിന് മൂന്നാർ ഡിപ്പോയിൽ ലക്ഷുറി കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാറിലെ വിനോദ കേന്ദ്രങ്ങൾ കാണുന്നതിനുള്ള ചെറുയാത്രകളും കെ.എസ്.ആർ.ടി.സിയുടെ ബസിൽ തന്നെ. ആദ്യ ഘട്ടത്തിൽ യാത്ര നടത്തിയ കുടുംബങ്ങൾ നല്ല അഭിപ്രായം പറഞ്ഞതോടെ ബുക്കിംഗ് വർധിച്ചു വരുന്നുണ്ട്. സാധാരണക്കാരായ കുടുംബങ്ങൾക്ക് കുറഞ്ഞ ചെലവിലുള്ള വിനോദ യാത്രയായി ഈ ടൂർ പരിപാടി മാറിക്കഴിഞ്ഞു. മലപ്പുറം-മൂന്നാർ യാത്രയുടെ വിജയം കൂടുതൽ ഡിപ്പോകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. മൂന്നാറിനൊപ്പം പുതിയ വിനോദ കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്താനാണ് കെ.എസ്.ആർ.ടി.സിയുടെ ആലോചന.
നിലമ്പൂർ റെയിൽ പാതയിൽ ഇന്ത്യൻ റെയിൽവേ ആരംഭിക്കാനാരിക്കുന്ന വിസ്റ്റഡോം കോച്ചുകൾ കേരളത്തിന്റെ തന്നെ വിനോദ സഞ്ചാര മേഖലയിൽ പുതിയ അനുഭവമാകും. കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽ പാതകളിലൊന്നാണ് നിലമ്പൂർ-ഷൊർണൂർ പാത. ബ്രിട്ടീഷ് ഭരണ കാലത്ത് നിലമ്പൂർ കാട്ടിൽ നിന്ന് തടികൾ കൊണ്ടുപോകുന്നതിനാണ് ഈ മീറ്റർഗേജ് പാത പ്രധാനമായും നിർമിച്ചത്. തേക്ക് മരങ്ങൾക്കിടയിലൂടെയുള്ള തീവണ്ടി യാത്ര തന്നെ ഒരു വിനോദ യാത്രയാണ്. പ്രത്യേക ആവശ്യങ്ങൾക്കല്ലാതെ വിനോദത്തിന് വേണ്ടി മാത്രം ഈ പാതയിൽ ട്രെയിൻ യാത്ര നടത്തുന്ന നിരവധി പേരുണ്ട്.
വള്ളുവനാടിന്റെയും ഏറനാടിന്റെയും പ്രകൃതി ഭംഗിയും പശ്ചിമഘട്ട താഴ്‌വാരങ്ങളുടെ ഹരിതശോഭയും ആസ്വദിക്കാൻ ഗ്ലാസ് നിർമിത കോച്ചുകളുമായായിരിക്കും പുതിയ വിസ്റ്റഡോ ടൂറിസ്റ്റ് സർവീസ് റെയിൽവേ ആരംഭിക്കുക. നിലവിൽ ഈ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളിൽ ഷൊർണൂരിൽ നിന്ന് ഗ്ലാസ് കോച്ചുകൾ ഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് ലഘുഭക്ഷണമുൾെപ്പടെയുള്ള പാക്കേജാണ് റെയിൽെേവ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യയിൽ ആദ്യത്തെ വിസ്റ്റഡോം കോച്ചുകൾ സർവീസ് തുടങ്ങിയത് മംഗലാപുരം-ബംഗളൂരു റൂട്ടിലാണ്. കേരളത്തിൽ നിലമ്പൂർ-ഷൊർണൂർ പാതക്കൊപ്പം പാലക്കാട്-പൊള്ളാച്ചി, കൊല്ലം ചെങ്കോട്ട റൂട്ടുകളിലും ഈ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് റെയിൽവേ ആലോചിക്കുന്നുണ്ട്.യൂറോപ്യൻ രാജ്യങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം വിനോദ സഞ്ചാര കോച്ചുകൾ പ്രചാരത്തിലുണ്ട്.
മലബാറിന്റെ വിനോദ സഞ്ചാര മേഖലയിൽ ഏറെ സാധ്യതകൾ തുറക്കുന്നതാണ് ഈ രണ്ട് പദ്ധതികളും. കെ.എസ്.എസ്.ആർ.ടി.സിയുടെ മൂന്നാർ യാത്ര പുതിയ ചുവടുവെപ്പിന്റെ സൂചനകളാണ് നൽകുന്നത്. ബസുകളും കെട്ടിടങ്ങളുമായി അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള കെ.എസ്.ആർ.ടി.സിക്ക് വിനോദ സഞ്ചാര മേഖലയിൽ ഏറെ പദ്ധതികൾ ഏറ്റെടുക്കാനാകും. മൂന്നാറിനൊപ്പം കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ടൂറിസ്റ്റ് സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ചും കോർപറേഷൻ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. റെയിൽവേയുടെ പദ്ധതി മലബാറിലേക്ക് വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാൻ പര്യാപ്തമാണ്. അതുവഴി പ്രാദേശിക വ്യാപര-നിക്ഷേപ മേഖലയിലും ഉണർവുണ്ടാകും. പുതിയ തൊഴിൽ മേഖലകൾക്ക് ഇത്തരം പദ്ധതികൾ വഴി തുറക്കും.