പുതിയ അണക്കെട്ട് വന്നാൽ അതിന്റെ പിതൃത്വമോ അല്ലെങ്കിൽ കരാറോ ഒന്നുമല്ല ഇവിടെ വിഷയം. നിലവിലുള്ള അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുണ്ടാകാവുന്ന അതിഭീകരമായ ദുരന്തമാണ് മുന്നിൽ കാണേണ്ടത്. അത്തരമൊരു സാഹചര്യത്തെ പൂർണമായും തടയുകയാണ് വേണ്ടത്. നിയമത്തിന്റ വഴിയിലൂടെ മാത്രമല്ല കാര്യങ്ങൾ മുന്നോട്ട് പോകേണ്ടത്. മനുഷ്യാവകാശങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിനു വേണ്ടി തമിഴ്‌നാട് സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് വേണ്ടത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഫെയ്‌സ് ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് പൊളിക്കുക, കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക. മലയാളികളും തമിഴ്‌നാട്ടുകാരും ഒരു രാജ്യത്തിലെ പൗരൻമാരാണെന്ന് മറക്കരുത്....അങ്ങനെ പോകുന്നു മലയാളികളുടെ അണപൊട്ടിയൊഴുകുന്ന പരിദേവനങ്ങൾ. ഇങ്ങ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സോഷ്യൽ മീഡിയ വഴി ഭീതി പരത്തിയാൽ നടപടിയുണ്ടാകുമെന്നുമാണ്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് സഹകരിക്കുന്ന നിലപാടാണ് തമിഴ്‌നാട് സർക്കാരിനുള്ളതെന്നും കേരള മുഖ്യമന്ത്രി പറയുന്നു.
പിണറായി വിജയൻ പറയുന്നത് ഒരു പരിധി വരെ ശരിയാണ്. മുല്ലപ്പെരിയാറിന്റെ പേരിൽ വ്യാപകമായ ഭീതി പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ജനങ്ങളുടെ ആശങ്ക അസ്ഥാനത്താണെന്ന് എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പറയാൻ കഴിയുക. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലത്തെ സംബന്ധിച്ച് നിലവിലുള്ള റിപ്പോർട്ടുകളെല്ലാം വളരെയധികം ആശങ്കയുണർത്തുന്നതാണ്. എല്ലാ വിദഗ്ധരും പറയുന്നത് മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുമാറ്റണമെന്ന് തന്നെയാണ്. ഇല്ലെങ്കിൽ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എപ്പോഴാണ് ആ ദുരന്തമെത്തുകയെന്നതിനെ സംബന്ധിച്ച് മാത്രമേ തർക്കമുള്ളൂ. അപ്പോൾ ഓരോ മഴക്കാലം വരുമ്പോഴും ജനങ്ങൾ ആശങ്കപ്പെടുന്നതിൽ അവരെ കുറ്റപ്പെടുത്താനാകുമോ?
ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകളെ തടഞ്ഞു നിർത്താൻ മിനക്കെടുന്നതിന് പകരം പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കണ്ടെത്തുകയാണ് സർക്കാരിന്റെ കടമ. ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാർ സഹകരിക്കുന്ന നിലപാടാണ് തുടരുന്നതെന്ന് കേരള മുഖ്യമന്ത്രി പറയുമ്പോൾ ആ അവസരം മുതലെടുത്ത് എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയാണ് വേണ്ടത്. അല്ലാതെ യാതൊരു വസ്തുതകളുടെയും പിൻബലമില്ലാതെ ജനങ്ങളെ സമാധാനിപ്പിക്കാൻ വേണ്ടി ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന ദുർബല വാദങ്ങൾ ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ കാര്യമില്ല.
അണക്കെട്ടിൽ 137.35 അടിയാണ് ഇപ്പോൾ ജലനിരപ്പുള്ളത്. 140 അടിക്ക് മുകളിലെത്തിയാൽ വെള്ളം തുറന്നു വിട്ടില്ലെങ്കിൽ അത് അപകടകരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതകൾ വളരെയേറെയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് മധുര, തേനി തുടങ്ങി വെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മുല്ലപ്പെരിയാർ അണക്കെട്ട് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ്. കാനഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റിയൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആന്റ് ഹെൽത്ത് ലോകത്തിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്ന ആറാമത്തെ അണക്കെട്ടായി മുല്ലപ്പെരിയാറിനെ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ വേറെയുമുണ്ട്. ഇതെല്ലാം പോരെ, ജനങ്ങളെ ആശങ്കയിലാഴ്ത്താനെന്ന് മുഖ്യമന്ത്രിയോട് ആരെങ്കിലും ചോദിച്ചാൽ അദ്ദേഹത്തിന് മറുപടിയുണ്ടാകില്ല. ആശങ്ക പരത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പറയുമ്പോൾ ഈ റിപ്പോർട്ടുകൾ തയാറാക്കിയവർക്കെതിരെ കൂടി നടപടിയുണ്ടാകുമോയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വെളിപ്പെടുത്തേണ്ടിവരും.
കേരളത്തിലെ ജനങ്ങളുടെ പ്രതികരണശേഷിക്കുറവ് കൊണ്ട് മാത്രമാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോഴും പൊളിച്ചു മാറ്റാതെ നിൽക്കുന്നത്. തമിഴ്‌നാട് ഉൾപ്പെടെ മറ്റേതെങ്കിലും സംസ്ഥാനക്കാരാണ് ഈ ഭീഷണിയുടെ നിഴലിൽ നിൽക്കുന്നതെങ്കിൽ അണക്കെട്ട് എന്നോ പൊളിച്ച് മാറ്റിക്കഴിഞ്ഞിരിക്കും. എന്ത് പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ഒരു സംസ്ഥാനത്തിന്റെ പകുതിയോളം വരുന്ന ജില്ലകളിലെ ജനങ്ങളെ ഒന്നാകെ ബാധിക്കാവുന്ന അണക്കെട്ട് പൊളിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ അതിനുള്ള രാഷ്ട്രീയ ഇഛാശക്തി ഇന്ന് വരെ കേരളം ഭരിച്ച ഒരു സർക്കാരും കാണിച്ചിട്ടില്ല.
തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വെള്ളം കിട്ടേണ്ടത് അവരുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രധാന കാര്യം തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ മറ്റൊരു സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ ഭീഷണിയിലാക്കിക്കൊണ്ടാവരുത് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ട് പൊളിച്ചുമാറ്റി പുതിയ അണക്കെട്ട് നിർമിക്കുകയെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെന്നും കേന്ദ്രം അംഗീകരിക്കാത്തതാണ് പ്രശ്‌നമെന്നും കേരള മുഖ്യമന്ത്രി പറയുന്നു. അത് അംഗീകരിപ്പിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. അതിന് കഴിയുന്നില്ലെങ്കിൽ അക്കാര്യം കേരളത്തിലെ ജനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്. കേന്ദ്ര സർക്കാരിനെ എങ്ങനെ മുട്ടുകുത്തിക്കാമെന്ന് അവർ കാണിച്ചുതരും. തമിഴ്‌നാടിനാണ് അണക്കെട്ടു കൊണ്ടുള്ള ഭീഷണിയെങ്കിൽ അവർ എന്നേ ഈ പ്രശ്‌നം പരിഹരിച്ചേനേ. മറ്റൊരു 'ജെല്ലിക്കെട്ട്' മോഡൽ സമരവുമായി തമിഴ് ജനത ഒന്നിച്ചിറങ്ങിയേനേ.
ജനങ്ങളുടെ ആശങ്കകളെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തിയതുകൊണ്ട് കാര്യമില്ല. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം മഴക്കാലത്ത് ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത രീതിയിലുള്ള പ്രളയങ്ങളും ഉരുൾപൊട്ടലുകളുമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ജലനിരപ്പ് ഉയരുന്നത് കാരണം ഇതുവരെ ഉണ്ടായിട്ടില്ലാത്ത രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഡാമുകൾ തുറന്ന് വിടേണ്ടിയും വന്നു. ഇതെല്ലാം മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. അവരുടെ ജീവന്റെയും ജീവിതത്തിന്റെയും പ്രശ്‌നമാണ്. ആശങ്കകൾ അണപൊട്ടിയൊഴുകുന്നതിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിച്ചാൽ അതിന്റെ പൂർണമായ മേൽനോട്ടാവകാശം കേരളത്തിന് വന്നു ചേരുമെന്നതും കേരളത്തിന്റെ തീരുമാനങ്ങൾക്കനുസരിച്ച് മാത്രമേ തമിഴ്‌നാടിന് വെള്ളം കിട്ടുകയുള്ളൂവെന്ന ആശങ്കയുമാണ് പുതിയ അണക്കെട്ട് നിർമിക്കുന്നതിനെ തമിഴ്‌നാട് എതിർക്കാൻ കാരണം. നിലവിലുള്ള അണക്കെട്ടിൽ നിന്ന് 999 വർഷത്തേക്ക് തമിഴ്‌നാടിന് വെള്ളമെടുക്കുന്നതിനുള്ള കരാറുണ്ടെന്നാണ് അവരുടെ അവകാശവാദം.
പുതിയ അണക്കെട്ട് വന്നാൽ അതിന്റെ പിതൃത്വമോ അല്ലെങ്കിൽ കരാറോ ഒന്നുമല്ല ഇവിടെ വിഷയം. നിലവിലുള്ള അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുണ്ടാകാവുന്ന അതിഭീകരമായ ദുരന്തമാണ് മുന്നിൽ കാണേണ്ടത്. അത്തരമൊരു സാഹചര്യത്തെ പൂർണമായും തടയുകയാണ് വേണ്ടത്. നിയമത്തിന്റെ വഴിയിലൂടെ മാത്രമല്ല കാര്യങ്ങൾ മുന്നോട്ട് പോകേണ്ടത്. മനുഷ്യാവകാശങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിനു വേണ്ടി തമിഴ്‌നാട് സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് വേണ്ടത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സർക്കാരുകൾ തമ്മിൽ ഇപ്പോഴുള്ള ഊഷ്മള ബന്ധം അതിന് വേണ്ടി ഉപയോഗപ്പെടുത്തണം. നിലവിലുള്ള അണക്കെട്ട് പൊളിച്ചുമാറ്റുകയും പുതിയത് നിർമിക്കുകയും ചെയ്യുകയെന്ന ഏക പോംവഴി മാത്രമേ മുന്നിലുള്ളൂ.