Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടക്ക് എം.പിയുടെ വക 14 ആംബുലന്‍സുകള്‍

പത്തനംതിട്ട- ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍നിന്ന് ജില്ലക്ക് അനുവദിച്ച 14 ആംബുലന്‍സുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതുര മേഖലക്ക് ആദരവോടെ നല്‍കുന്ന കൈത്താങ്ങാണ് ആംബുലസുകള്‍. കോവിഡ് മഹാമാരി നാട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ പരിമിതികളില്‍നിന്ന് വീറോടെ പോരാടിയവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. 20 ആംബുലന്‍സുകളാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കുന്നത്. ഗ്രാമീണ മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ ആരോഗ്യരംഗത്തെ വലിയ ചുവടുവയ്പ്പായി ഇത് മാറുമെന്നും എം.പി പറഞ്ഞു. ആംബുലന്‍സ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ച ജില്ലാ ഭരണകേന്ദ്രത്തെയും  ഡി.എം.ഒ ഓഫീസിനേയും അദ്ദേഹം അഭിനന്ദിച്ചു.
എം.പി യുടെ 2019-20 പ്രാദേശിക വികസന പദ്ധതി  ഉപയോഗിച്ചാണ് 14 ആംബുലന്‍സുകള്‍ ജില്ലക്ക് ലഭ്യമാക്കിയത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ഓമല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രം, നിരണം കുടുംബാരോഗ്യകേന്ദ്രം, തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രം, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം, റാന്നിപഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രം, കോന്നി താലൂക്ക് ആശുപത്രി, വല്ലന സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം, കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രം, പത്തനംതിട്ട
ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആംബുലന്‍സുകള്‍ ലഭ്യമായത്.    പത്തനംതിട്ട ജില്ല ജനറല്‍ ആശുപത്രിക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറിയാണ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചത്. എം.പിയും ജില്ലാ കലക്ടറും ചേര്‍ന്ന് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും ഉദ്ഘാടനം ചെയ്തു.

 

Latest News