മലപ്പുറം- കോട്ടക്കലിൽ അയൽവാസിയുടെ പീഡനത്തിന് ഇരയായ 17-കാരി പ്രസവിച്ചു. യുട്യൂബ് നോക്കിയാണ് എങ്ങിനെയാണ് പ്രസവിക്കേണ്ടത് എന്നും പൊക്കിൾ കൊടി മുറിക്കേണ്ടതും കുട്ടി മനസിലാക്കിയത്. ഈ മാസം 20ന് വീട്ടിലെ മുറിയിലാണ് പ്ലസ് ടു വിദ്യാർഥിനി പരസഹായമില്ലാതെ പ്രസവിച്ചത്. വീട്ടുകാരറിയാതെ പ്രസവിച്ച കുട്ടിയെ മൂന്നുദിവസത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.പെൺകുട്ടിയെ ഗർഭിണിയാക്കിയ 21കാരനായ അയൽവാസി അറസ്റ്റിലാണ്. ഗർഭിണിയാണെന്ന വിവരം അറിയിക്കാതെ മാതാവിനെയും കൂട്ടി കുട്ടി രണ്ടു വട്ടം ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. കുട്ടിയുടെ മാതാവിന് കാഴ്ച പരിമിതിയുണ്ട്. കഴിഞ്ഞ എട്ടുമാസമായി ഗർഭിണിയാണെന്ന വിവരം പെൺകുട്ടി മറച്ചുവെക്കുകയായിരുന്നു. ഓൺലൈൻ ക്ലാസായതിനാൽ പെൺകുട്ടി മുറിയിൽനിന്ന് പുറത്തിറങ്ങാറില്ല. യൂട്യൂബ് നോക്കിയാണ് പൊക്കിൾകൊടി മുറിക്കുന്നതടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കിയതെന്ന് പെൺകുട്ടി സി.ഡബ്ല്യൂ.സിക്ക് മൊഴിനൽകി.