Sorry, you need to enable JavaScript to visit this website.

എം.ജി സർവകലാശാലക്കെതിരെ ജാതി വിവേചന  ആരോപണവുമായി ഗവേഷക 

ദീപ പി. മോഹൻ
  • ദീപയ്ക്ക് നീതി ലഭിക്കുവാനായി സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം

കോട്ടയം- എം.ജി സർവകലാശാല അധികൃതർക്കെതിരെ ജാതി വിവേചനം ആരോപിച്ച് ഗവേഷക രംഗത്ത്. പത്തുവർഷത്തോളമായിട്ടും പി.എച്ച്.ഡി നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തത്് അധികൃതരുടെ കടുത്ത വിവേചനംമൂലമാണ്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഗവേഷണം പൂർത്തിയാക്കാൻ അനുകൂലമായ സാഹചര്യം സർവകലാശാല നൽകുന്നില്ലെന്നു പി.എച്ച്.ഡി ഫെലോ ദീപ പി. മോഹൻ പരാതിപ്പെട്ടു. ദീപയെ പോലെ പലരും എം.ജി സർവകലാശാലയിൽ ജാതി വിവേചനത്തിന് ഇരകളായിട്ടുണ്ടെന്നും ദീപയ്ക്ക് നീതി ലഭിക്കുവാനായി സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും സമരം ഏറ്റെടുത്ത ഭീം ആർമി നേതാക്കൾ പറഞ്ഞു.


2011-12 ൽ എം.ജി സർവകലാശാലയിൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയ വ്യക്തിയാണ് ദീപ പി. മോഹൻ. എംഫിൽ പഠനം പൂർത്തീകരിച്ച ശേഷം പ്രോജക്ട് ചെയ്യാനുള്ള സൗകര്യം ലഭിച്ചില്ല. സിൻഡിക്കേറ്റ് അംഗം നന്ദകുമാർ കളരിക്കലിന്റെ ഇടപെടൽമൂലം എംഫിൽ പ്രൊജക്ട് വർക്ക് മുന്നോട്ടുപോകാനായില്ല. ഇതോടെ ഫെലോഷിപ്പ് തടഞ്ഞു. ഇതിനെതിരെ പ്രതികരിച്ചതിന്റെ പ്രതികാര നടപടികളുടെ ഭാഗമായി ടി.സി തടഞ്ഞുവെച്ചു.

എംഫിൽ സർട്ടിഫിക്കറ്റുകൾ വിട്ടുനൽകിയില്ല. ഇങ്ങനെ പി.എച്ച്.ഡി പ്രവേശനത്തിനു തടയിടാൻ ശ്രമിച്ചു. ഗേറ്റു വിജയിച്ചതുകൊണ്ട് മാത്രം പി.എച്ച്.ഡി പ്രവേശനം നേടാനായി. തുടർന്നും നന്ദകുമാർ കളരിക്കലിന്റെ ദ്രോഹനടപടികൾ തുടർന്നു. ദീപ സർവകലാശാലയ്ക്ക് നൽകിയ പരാതിയിൽ രണ്ടംഗ സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ നന്ദകുമാർ കളരിക്കലിനെ കുറ്റക്കാരനെന്നു കണ്ടെത്തി. എസ്.എസി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാൻ സർവകലാശാല പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഹെക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവു ലഭിക്കുകയും ചെയ്തു. പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഈ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂർത്തീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും ഗവേഷകക്ക് ലഭ്യമാക്കണമെന്ന്  ഉത്തരവിട്ടിട്ടുള്ളതുമാണ്. എന്നാൽ സർവകലാശാലയിൽനിന്നും അനുകൂലമായ യാതൊരു സമീപനവും ഉണ്ടായിട്ടില്ലെന്ന് ദീപ ആരോപിച്ചു. 


ദീപയ്‌ക്കെതിരായ നടപടികളുടെ പ്രതിസ്ഥാനത്ത് നിലവിലെ സിൻഡിക്കേറ്റ് അംഗം നന്ദകുമാർ കളരിക്കലും സർവകലാശാല വൈസ് ചാൻസിലർ സാബു തോമസുമാണെന്ന്് ഭീം ആർമി ആരോപിച്ചു. 2011-12 ൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടി എങ്കിലും വളരെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ദീപയ്ക്ക് എംഫിൽ പഠനം പൂർത്തീകരിക്കാനായത്.
ഇരിപ്പിടം നിഷേധിച്ചും, ലാബിൽ പൂട്ടിയിട്ടും, ലാബിൽനിന്നും ഇറക്കിവിട്ടും നന്ദകുമാർ കളരിക്കൽ ദ്രോഹിച്ചു. 2014 ൽ ഗവേഷണം ആരംഭിച്ച ദീപ പി. മോഹൻ ഇരിപ്പിടമില്ലാതെ, ലാബിൽ കയറാനാകാതെ, ഗവേഷണം തുടരാനാവാതെ പോരാട്ടത്തിലാണ്. കോടതി ഉത്തരവ് നടപ്പിലാക്കുക, പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുക, ലാബ് അനുവദിച്ചു നൽകുകയും ആവശ്യമായ മെറ്റീരിയലുകൾ ലഭ്യമാക്കുകയും ചെയ്യുക, ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്് 29 മുതൽ സർവകലാശാലയ്ക്കു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന്്് ഭീം ആർമി ഭാരവാഹികളായ റോബിൻ ജോബ്്. ശരവണൻ, ജെഫ്രി എന്നിവർ അറിയിച്ചു.

Latest News