ഇടശ്ശേരിയുടെ പ്രസിദ്ധ കാവ്യശിൽപമായ പൂതപ്പാട്ടിലെ നങ്ങേലി എന്ന അമ്മയെ നല്ല വണ്ണം പഠിച്ചറിഞ്ഞയാളായിരിക്കും ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയും സി.പി.എം നേതാവുമായ ഡോ. ഷിജുഖാൻ. കാരണം ഖാന്റെ മുഖ്യ പഠനവിഷയം മലയാളമായിരുന്നു. മലയാളം അസിസ്റ്റന്റ് പ്രഫസറായി അടുത്തു തന്നെ നിയമിതനാകാൻ പോകുന്നയാൾ. വള്ളുവനാട്ടിലെ നാടോടി പുരാവൃത്തമാണ് തർക്കമില്ലാത്ത ഇടതുപക്ഷ കവിയായ ഇടശ്ശേരി ഗോവിന്ദൻ നായർ പൂതപ്പാട്ടിന് വിഷയമാക്കിയത്. കുഞ്ഞുണ്ണി എന്ന കുഞ്ഞു മകനും, നങ്ങേലി എന്ന അമ്മയും തമ്മിലുള്ള ബന്ധത്തിന്റെയും മാതൃത്വത്തിന്റെ ശക്തിയുടെയും കഥ പൂതപ്പാട്ട് പറഞ്ഞു തന്നു. അമ്മയാവുകയെന്ന സാക്ഷാൽക്കാരം നിഷേധിക്കപ്പെട്ടവളാണ് ഈ കവിതയിലെ കഥാപാത്രമായ പൂതം. 'ആറ്റിൻവക്കത്തെ മാളികവീട്ടിലെ നങ്ങേലിയമ്മക്ക്' ഏറേ നോമ്പു നോറ്റിട്ടാണ് ഒരുണ്ണി പിറന്നത്. അങ്ങിനെയൊന്നുമല്ലെങ്കിലും പേരൂർക്കട സദാശിവൻ എന്ന സി.പി.എം നേതാവിന്റെ കൊച്ചു മകളും സി.പി.എം നേതാവ് ജയചന്ദ്രന്റെ മകളുമായ അനുപമയും ഇപ്പോൾ ആധുനിക കാല നങ്ങേലിയായി കവിതകളെല്ലാം പഠിച്ച ഷിജുഖാന്റെ മുന്നിൽ നിൽക്കുന്നു. അങ്ങകലെ ആന്ധ്രയിലെവിടെയോ മറ്റൊരു നങ്ങേലി വിവാദ കുഞ്ഞിനെ പൂതപ്പാട്ടിൽ പറഞ്ഞതുപോലെ' താഴെ വെച്ചാലുറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന രീതിയിൽ താലോലിച്ച് ' പോറ്റുന്നുണ്ടിപ്പോൾ. ആന്ധ്രയിലെ ആ വീട്ടിന്റെ നീണ്ട വരാന്തയാകെ കുഞ്ഞു തുണികൾ ഉണങ്ങാനിട്ടിരിക്കുകയാണ്.
കളിപ്പാട്ടങ്ങൾക്കരികിൽ ആ കുഞ്ഞുണ്ട്. എന്റെ കുഞ്ഞെങ്ങിനെ ഉണ്ട് എന്ന് ആന്ധ്ര ദമ്പതികളെ കാണാൻ സാഹസികമായി എത്തി ചേർന്ന മാധ്യമ പ്രവർത്തകൻ അനൂപ് ദാസിനോട് ആധുനിക കാല നങ്ങേലി അനുപമ ചോദിക്കുന്ന രംഗം മലയാളികൾ കേട്ടു. ഈ രംഗം മനസ്സിലാക്കി ചാനലുകളിൽ അനുപമയും കേട്ടിരിക്കുന്ന അമ്മമാരും പൊട്ടിക്കരഞ്ഞു.
ഇന്നലെ അനുപമ വിഷയത്തിൽ സർക്കാരിനെ ശരിക്കും മുൾമുനയിൽ നിർത്താൻ പ്രതിപക്ഷത്തിന് സാധിച്ചു. സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്ന പ്രതിപക്ഷ ആരോപണം ഇടതുപക്ഷത്തിന്റെ എല്ലാ നാട്യങ്ങളുടെയും നടുപ്പുറത്തേറ്റ പ്രഹരമായി തീർന്നു. ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയന് തല താഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നിൽ നിൽക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ കെ.കെ. രമ വാക്കുകൾ ബുള്ളറ്റുകളാക്കി. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പിൽ പേരൂർക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നു. നിയമപരമായി പ്രവർത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തിൽ കാണിച്ചു.
കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്റെ ഇരയാണ് പേരൂർക്കടയിലെ അനുപമയും കുഞ്ഞും. ശിശുക്ഷേമ സമിതിയും കമ്മിറ്റിയും പോലീസും ഡി.ജി.പിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ഉൾപ്പെട്ട ഭരണകൂടം ഒന്നടങ്കം സംഘടിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ദുരഭിമാന കുറ്റകൃത്യമാണ് ഇത്. പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് നാടുകടത്തിയ ക്രൂരകൃത്യം മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. സ്വന്തം അമ്മയുണ്ടായിട്ട് വളർത്തുമകനായി, മുലപ്പാൽ ചുരത്തുന്ന അമ്മയുണ്ടായിട്ടും പൊടിപ്പാൽ കുടിക്കാൻ നിർബന്ധിതനായ നാഥനുണ്ടായിട്ടും അനാഥനാക്കി മാറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ട് കേരളം കരയുന്നു. അനുപമയോടും കുഞ്ഞിനോടും മാത്രമല്ല ക്രൂരകൃത്യം ചെയ്തിരിക്കുന്നത് ആന്ധ്രയിലുള്ള ദമ്പതിമാരോടും മഹാ ക്രൂരതയാണ് കാണിച്ചത്. തട്ടിപ്പ് അറിയാതെ ദത്തെടുത്ത അവരോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത. ശ്രീമതി ടീച്ചർ പരസ്യമായി പറഞ്ഞു ഞാൻ തോറ്റുപോയി എന്ന്. ടീച്ചറെ ആരാണ് തോൽപിച്ചത് ഭരണകൂടമാണോ? പോലീസ് സംവിധാനമാണോ. ആരോപണവിധേയനായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ജയചന്ദ്രന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുന്നിൽ ആഭ്യന്തര വകുപ്പിന്റെ നട്ടെല്ല് വളഞ്ഞിരിക്കുകയാണ്. പോലീസിനെ വിമർശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുത് എന്നാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകൾ കൺമുന്നിൽ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അഭിപ്രായം എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്ന് സ്വാനുഭവങ്ങളിലേക്ക് ഓർമ തിരിച്ച് രമയുടെ വാക്കുകൾ.
ശിശുക്ഷേമ സമിതി നിയമപരമായുള്ള നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ദത്ത് നൽകിയതെന്ന് ആരോപണങ്ങൾക്ക് മന്ത്രി വീണാ ജോർജിന്റെ മറുപടി സർക്കാർ നിലപാടിന്റെ ശക്തി വ്യക്തമാക്കി. ദത്ത് നൽകിയ കുട്ടി അനുപമയുടെ കുട്ടിയാണോ എന്ന് അറിയില്ലായിരുന്നുവെന്ന് മന്ത്രി കൈമലർത്തി. ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തിൽനിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരിച്ചടി. ശിശു ക്ഷേമ സമിതിക്ക് കുട്ടിയെ കൈമാറിയെന്ന് പറയുന്ന ദിവസം അമ്മ തൊട്ടിൽ ഇല്ല. അന്ന് രാത്രി മുതൽ തുടങ്ങിയ കുറ്റകൃത്യത്തിന്റെ കഥ പ്രതിപക്ഷ നേതാവ് വിവരിച്ചു.
അമ്മത്തൊട്ടിലിൽനിന്ന് കിട്ടിയ കുട്ടിയെന്ന് പറഞ്ഞ് കുട്ടിക്ക് മലാല യൂസുഫ് എന്ന് പേരിട്ട അതി ബുദ്ധിയും വി.ഡി. സതീശൻ വിവരിച്ചു. ആൺകുട്ടിയെ പെൺകുട്ടിയാക്കിയെന്ന് പത്ര വാർത്ത വന്നതോടെ ആൺകുട്ടിയെയാണ് നൽകിയതെന്ന് അനുപയുടെ മാതാപിതാക്കൾ എഴുതി കൊടുത്തു- കേട്ടു കേൾവിയില്ലാത്ത സംഭവങ്ങൾ പ്രതിപക്ഷ നേതാവ് വിവരിച്ചു.
തന്റെ കണ്ണുകൾ പോലും ചൂഴ്‌ന്നെടുത്ത് സമർപ്പിച്ചാണ് പൂതപ്പാട്ടിലെ നങ്ങേലി 'ഇതിലും വലിയതാണെന്റെ പൊന്നോമന അതിനെത്തരികെന്റെ പൂതമേ നീ...' എന്ന് അലറി കരയുന്നത്. തന്ത്രങ്ങളുടെ 'തെച്ചിക്കോലിൽനിന്ന് മറ്റൊരുണ്ണിയെ സൃഷ്ടിച്ചു 'കൊടുത്താൽ ഷിജു ഖാന്റെ മുൻ സഹപ്രവർത്തകയായ അനുപമ അത് സമ്മതിക്കുമോ? തരികെന്റെ കുഞ്ഞിനെ എന്നവർ കരയില്ലെ? തരില്ല ഞാൻ പോറ്റിയ കുഞ്ഞിനെ എന്ന ആന്ധ്രയിലെ അമ്മയുടെ കേൾക്കാൻ പോകുന്ന കരച്ചിൽ ആരുടെ ക്രൂരതയുടെ ഫലം? നിയമസഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത സംഭവങ്ങളും ചോദ്യങ്ങളുമാണിതൊക്കെ. വലിയ ഭൂരിപക്ഷത്തിന്റെ ശക്തിയുള്ള ഭരണ കൂടത്തിന് പക്ഷെ ആരെയും പേടിക്കേണ്ടതില്ല.