റിയാദ് - 32 ാമത് ജനാദ്രിയ ഫെസ്റ്റിവലിന് സാക്ഷിയാകാൻ ആദ്യ ദിവസം തന്നെ സ്വദേശികളും വിദേശികളുമടക്കം വൻ ജനാവലി ഒഴുകിയെത്തി. ചെണ്ടമേളവും യോഗയും കഥകളിയും വേദിയിൽ തകർത്താടിയപ്പോൾ ഇന്ത്യൻ പവിലിയനിലെത്തിയ അറബ് സന്ദർശകർക്ക് നവ്യാനുഭവമായി. ഓരോ പരിപാടിയും കഴിയും വരെയും ഇമ വെട്ടാതെ അവർ ആസ്വദിച്ചുകൊണ്ടിരുന്നു.
ഇന്ത്യൻ പവിലിയനിൽ ഇന്നലെ ഐ.സി.സി.ആറിന്റെ ആഭിമുഖ്യത്തിൽ ദൽഹി ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിലെ മലയാളി കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്. പുറപ്പാട്, ദുശ്ശാസന വധം, ഗീതോപദേശം എന്നിവയായിരുന്നു കഥകളിയിലെ ഇതിവൃത്തം. 15 കഥകളി സംഘത്തെ നയിക്കുന്നത് കുഞ്ഞുരാമൻ മാരാരാണ്. ജഗദീഷനാണ് പ്രധാന വേഷമിട്ടത്. കഥകളി ഇന്നും തുടരും. യോഗ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.
പുരുഷന്മാർക്ക് മാത്രമാണ് ഇന്നലെ പ്രവേശനമുണ്ടായിരുന്നത്. ഫാമിലികൾക്ക് നാളെ മുതലാണ് പ്രവേശനം. സൗദി മന്ത്രാലയങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റു വകുപ്പുകളുടെയും സ്റ്റാളുകളിലും ഇന്നലെ തിരക്കനുഭവപ്പെട്ടു. നാഷണൽ ഗാർഡിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പവിലിയനുകളിൽ ആയുധ പ്രദർശനങ്ങളുമുണ്ടായിരുന്നു.
18 സാംസ്‌കാരിക സെമിനാറുകളും ആറ് കവിയരങ്ങും ആറ് സാഹിത്യ ചർച്ചകളും ഒട്ടകയോട്ട മത്സരവുമാണ് ജനാദ്രിയ ഫെസ്റ്റിവൽ സമിതി നിശ്ചയിച്ചിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഒട്ടകയോട്ട മത്സരം സമാപിക്കുക. ഇതിൽ വിജയിച്ചവർക്ക് കാർ അടക്കമുള്ള സമ്മാനങ്ങൾ ലഭിക്കും. തിങ്കളാഴ്ച ദർഇയ്യയിലെ സ്‌പോർട്‌സ് ക്ലബ്ബിൽ സൗദി നൃത്തമായ അർദ സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ ചർച്ചകളിൽ ജിദ്ദ, റിയാദ്, കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിൽ നിന്നുള്ള സാഹിത്യ ക്ലബ്ബ് അംഗങ്ങളാണ് പങ്കെടുക്കുന്നത്.
രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിന്റെ ജീവചരിത്രം വിഷയമാക്കി നടക്കുന്ന കവിയരങ്ങിൽ 32 പ്രമുഖ കവികൾ പങ്കെടുക്കും. കിംഗ് സൗദ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ജനാദ്രിയ പ്രധാന ഹാൾ എന്നിവിടങ്ങളിലാണ് കവിയരങ്ങ് നിശ്ചയിച്ചിരിക്കുന്നത്.