Sorry, you need to enable JavaScript to visit this website.

സിദ്ദീഖും ചെറിയാന്‍ ഫിലിപ്പും ഒരുമിച്ചൊരു ചായ കുടിച്ചു, എന്തൊരാവേശം!!

തിരുവനന്തപുരം- ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായിരിക്കെ സംഭവം ആഘോഷമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ, പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുള്ളവരുടെ തീരുമാനം. ചെറിയാന്‍ മറുകണ്ടം ചാടാന്‍ കാരണം താനാണെന്ന ഉമ്മന്‍ ചാണ്ടിയുടെ ഏറ്റുപറച്ചിലും ചെറിയാനുമായി എ.കെ ആന്റണി നടത്തിയ ചര്‍ച്ചയുമൊക്കെ ചെറിയാന്റെ കോണ്‍ഗ്രസ് പുനപ്രവേശത്തിന്റെ നാന്ദിയാണ്. ചെറിയാനുമായി വൈകിട്ട് നടത്തിയ സംഭാഷണത്തിന്റെ ആവേശം പങ്കുവെക്കുകയാണ് ടി. സിദ്ദീഖ് എം.എല്‍.എ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍.

വായിക്കാം:


'ഇന്ന് വൈകീട്ടത്തെ ചായക്ക് നല്ല രുചി തോന്നി...'

ശ്രീ ചെറിയാന്‍ ഫിലിപ്പുമായി ഇന്ന് വൈകിട്ട് ചായ കുടിച്ചിരുന്നത് ഒരു മണിക്കൂറോളമായിരുന്നു. പഴയകാല സംഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്ത് പറഞ്ഞതൊക്കെ ആവേശത്തോടെ ഞാന്‍ കേട്ടിരുന്നു. പുലര്‍ച്ചെ എത്തുന്ന ഉമ്മന്‍ ചാണ്ടി നിലത്ത് പത്രം വിരിച്ച് കിടക്കുമ്പോള്‍ ചെറിയാനും സുഹൃത്തുക്കളും കട്ടിലില്‍ കിടന്നിരുന്ന കാലം... എ.കെ ആന്റണിയുമായിട്ടുണ്ടായിരുന്ന വൈകാരിക അടുപ്പം... ലീഡര്‍ കെ. കരുണാകരനും വീട്ടുകാരുമായുള്ള വൈകാരിക ബന്ധം... ദേശീയവേദി പ്രവര്‍ത്തനങ്ങള്‍... കാല്‍നൂറ്റാണ്ട് എന്ന പുസ്തകം കെ.എസ്.യുവിനു വേണ്ടി എഴുതിയത്... കുറച്ച് നാള്‍ മുമ്പ് പ്രതിപക്ഷ നേതാവുമായി കാറില്‍ സംസാരിച്ച് യാത്ര ചെയ്യവെ 'ചെറിയാന്‍ ഫിലിപ്പിനെ പോലെ ഒരാളെ അപ്പുറം നിര്‍ത്തുന്നത് ശരിയല്ല, ചെറിയാനോട് ഒന്ന് സംസാരിച്ച് നോക്കണം...' എന്ന് പറഞ്ഞത് ഞാന്‍ ചെറിയാനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു. കോണ്‍ഗ്രസ് എന്ന മഹാരാഷ്ട്രീയ പ്രസ്ഥാനം വളര്‍ത്തിയ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു എന്നദ്ദേഹം പറഞ്ഞത് എനിക്ക് അഭിമാന നിമിഷമായി... ചെറിയാന്‍ ഫിലിപ്പിന്റെ ജനാധിപത്യ ബോധവും മതേതര കാഴ്ചപ്പാടും സംഘടനാ ബോധവും വലിയ രീതിയില്‍ പ്രസ്ഥാനത്തിനു മുതല്‍ക്കൂട്ടാവേണ്ടതുണ്ട് എന്ന് തോന്നിപ്പോയി...

 

Latest News