കോട്ടയം- വിദ്യാഭ്യാസ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിനിതിരെ എ.ഐ.എസ്.എഫ് വനിത നേതാവ് മൊഴി നല്‍കിയത് എസ്.എഫ്.ഐക്ക് തിരിച്ചടിയായി. എം.ജി സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനു ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം കെ.എം. അരുണിന്റെ നേതൃത്വത്തിലാണ് തന്നെ ആക്രമിച്ചതെന്നാണ്എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മൊഴി നല്‍കിയിരിക്കുന്നത്്. ഇതിനൊപ്പം കേസിനെ സ്വാധീനിക്കാന്‍ ഭരണതലത്തിലെ പിടിപാട് സഹായിക്കുമെന്ന ആശങ്കയും നേതാവ് പോലീസില്‍ പറഞ്ഞു. ഇതോടെ കേസില്‍ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന്് സി.പി.ഐ വ്യക്തമാക്കിയിരിക്കുകയാണ്.
കേരളം ചര്‍ച്ച ചെയ്ത കേസില്‍ നിന്നു പിന്‍മാറാന്‍ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനക്കു തല്‍ക്കാലം കഴിയില്ല. ഈ കേസില്‍നിന്നു താന്‍ പിന്നോട്ടില്ലെന്ന് വനിത നേതാവ് വ്യക്തമാക്കിയിരുന്നതാണ്. അതിനിടെ ചില ഒത്തു തീര്‍പ്പു ചര്‍ച്ച നടന്നുവെങ്കിലും സി.പി.ഐ കോട്ടയം ജില്ലാ ഘടകം അതു പ്രോത്സാഹിപ്പിച്ചില്ല.
കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ, വനിതാ സിവില്‍ പോലീസ് ഓഫിസര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വനിത നേതാവിന്റെ മൊഴി എടുത്തത്. നേരത്തേ നല്‍കിയ പരാതിയിലെ മൊഴിയും ആവര്‍ത്തിച്ചു.
സെനറ്റ് തിരഞ്ഞെടുപ്പിനു ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചു, സഹപ്രവര്‍ത്തകന്‍ എ.എ. സഹാദിനെ മര്‍ദിക്കുന്നത് തടഞ്ഞ തന്നെ കടന്നുപിടിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു, അശ്ലീല ഭാഷയില്‍ അധിക്ഷേപിച്ചു, ജാതിപ്പേര് വിളിച്ചു തുടങ്ങി പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പോലീസിനെ അറിയിച്ചു.
എ.ഐ.എസ്.എഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ 24 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ 5 എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്്്. ഇരുകേസിലും അന്വേഷണം നടന്നു വരികയാണ്. എ.ഐ.വൈ.എഫ് പരാതി നേരിടാനുളള കൗണ്ടര്‍ കേസാണ് ഇതെന്നാണ് രാഷ്ട്രീയ ആരോപണം. പ്രശ്‌നം നിയമസഭയിലെത്തി ചര്‍ച്ചയായതോടെ വിവാദം ശമിക്കുംവരെ കാത്തിരിക്കാനാണ് സി.പി.എം തീരുമാനം.