തിരുവനന്തപുരം- വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍ എം.പിക്കെതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ആര്യാ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം.
ഇതൊക്കെ ഒറ്റമഴയത്ത് തളിര്‍ത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് ഡി.സി.സി സംഘടിപ്പിച്ച ധര്‍ണയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
സ്ത്രീകളെ മോശക്കാരായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തെ നേരിടുമെന്ന് പരാതി നല്‍കിയ ശേഷം മേയര്‍ പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകും. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.