റിയാദ് - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴില്‍ മാറ്റം ക്രമീകരിക്കുന്നതിനായി തൊഴില്‍ നിയമാവലിയില്‍ വരുത്തിയ മൂന്നു ഭേദഗതികള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാഹ്ജി അംഗീകാരം നല്‍കി. നിലവിലെ തൊഴിലുടമ സമ്മതിക്കുന്നപക്ഷം നിശ്ചിത കാലം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ കൂടാതെ വിദേശ തൊഴിലാൡക്ക് തൊഴില്‍ മാറാവുന്നതാണെന്ന് ഭേദഗതികളില്‍ ഒന്ന് വ്യക്തമാക്കുന്നു. തൊഴില്‍ കരാര്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിലവിലെ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ വിദേശ തൊഴിലാളിക്ക് അവകാശമുള്ളതായി നിയമാവലിയിലെ പതിനാലാം വകുപ്പില്‍ വരുത്തിയ രണ്ടാമത്തെ ഭേദഗതി വ്യക്തമാക്കുന്നു.
സൗദിയില്‍ പ്രവേശിച്ച് 12 മാസം പിന്നിടല്‍, തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് 90 ദിവസത്തില്‍ കുറയാത്ത സമയം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് നല്‍കല്‍ എന്നീ വ്യവസ്ഥകള്‍ പൂര്‍ണമാകുന്നപക്ഷം, തൊഴില്‍ നിയമത്തിലെ 77-ാം വകുപ്പ് അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥകള്‍ പാലിച്ച് നിലവിലെ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് വിദേശ തൊഴിലാളിക്ക് മാറാവുന്നതാണെന്ന് മൂന്നാമത്തെ ഭേദഗതിയും വ്യക്തമാക്കുന്നു.