- ആറു മാസം കഴിഞ്ഞാൽ ഇഖാമ പുതുക്കില്ല
റിയാദ്- സൗദി അറേബ്യയിൽ മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് മാനേജർ, സ്റ്റോർ കീപ്പർ, സെക്രട്ടറി തുടങ്ങി മലയാളികളടക്കമുള്ള വിദേശികൾ ജോലി ചെയ്യുന്ന മേഖലകളിൽ ആറു മാസത്തിന് ശേഷം നടപ്പാക്കുന്ന സ്വദേശിവത്കരണം മുൻനിർത്തി കമ്പനികളും മറ്റു സ്ഥാപനങ്ങളും നടപടികൾ തുടങ്ങി. നിലവിൽ പ്രഖ്യാപിച്ച 21 പ്രൊഫഷനുകളിലുള്ളവരുടെ കണക്കെടുപ്പ് നടത്തി സൗദിവത്കരണമടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് കമ്പനികൾ.
അക്കൗണ്ടന്റ്, എൻജിനീയറിംഗ്, ടെക്‌നീഷ്യൻ മേഖലകളിലെ പ്രൊഫഷനുകളിൽ സൗദിവത്കരണം പ്രഖ്യാപിച്ചപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പേരിൽ നിരവധി കമ്പനികളിലെ ജീവനക്കാരുടെ ഇഖാമ പുതുക്കുന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഈ മേഖലകളെല്ലാം സമ്പൂർണ സൗദിവത്കരണം പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞാണ് അന്ന് കമ്പനി മേധാവികൾ അത്തരം പ്രൊഫഷനുകളിലുള്ളവരുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതിരുന്നത്. അക്കാരണത്താൽ ഫൈനൽ എക്‌സിറ്റിൽ പോവുകയോ അല്ലെങ്കിൽ എന്നെങ്കിലും ഇഖാമ പുതുക്കാനവസരമുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയോ ആണ് അവർക്ക് മുന്നിലുള്ള ഏക വഴി. പല കമ്പനികളും അക്കൗണ്ടന്റ്, ടെക്‌നീഷ്യൻ പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമ താൽക്കാലികമായി പുതുക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഈ അനുഭവം ഇനിയും ആവർത്തിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് കമ്പനികൾ സത്വര നടപടികളിലേക്ക് പ്രവേശിക്കുന്നത്.
സെക്രട്ടറി, എക്‌സിക്യുട്ടീവ് സെക്രട്ടറി തസ്തികകളിൽ ജോലി ചെയ്യുന്നവർ കമ്പനി മാനേജ്‌മെന്റുമായി ഏറ്റവും അടുത്തവരും കമ്പനികളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നവരുമാണ്. അതിനാൽ പെട്ടെന്ന് അവരെയൊന്നും ആ പോസ്റ്റിൽനിന്ന് മാറ്റി നിർത്താനാവില്ല. അതിനാൽ അത്തരം പോസ്റ്റിൽ സൗദികളെ നിയമിക്കുന്നതിന് മുമ്പ് ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് അത്തരം കാര്യങ്ങൾ ആലോചിച്ചുവരികയാണ് ചില കമ്പനികൾ.
സപ്പോർട്ടിംഗ് അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിൽ ട്രാൻസ്‌ലേറ്റർ, സ്‌പോട്ട് ട്രാൻസ്‌ലേറ്റർ, ലാംഗ്വേജ് സ്‌പെഷ്യലിസ്റ്റ്, സ്റ്റോർ കീപ്പർ, സെക്രട്ടറി, സെക്രട്ടറി ആന്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്‌സിക്യുട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ലാർക്ക് എന്നീ എട്ടും മാർക്കറ്റിംഗ് മേഖലയിൽ മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് സെയിൽസ് എക്‌സ്‌പേർട്ട്, മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് റിസർച്ച് ആന്റ് ബിസിനസ് ഇൻഫർമേഷൻ മാനേജർ, ഫോട്ടോഗ്രഫി സ്‌പെഷ്യലിസ്റ്റ്, അഡ്വർടൈസ്‌മെന്റ് മാനേജർ, അഡ്വർടൈസിംഗ് ആന്റ് പബ്ലിഷിംഗ് എഡിറ്റർ, അഡ്വർടൈസിംഗ് ആന്റ് പബ്ലിസിറ്റി ഏജന്റ്, അഡ്വർടൈസിംഗ് ഡിസൈനർ, കൊമേഴ്‌സ്യൽ അഡ്വർടൈസ്‌മെന്റ് ഫോട്ടോഗ്രാഫർ, കൊമേഴ്‌സ്യൽ അഡ്വർടൈസിംഗ് ആർടിസ്റ്റ്, അഡ്വർടൈസിംഗ് ആന്റ് പബ്ലിക് റിലേഷൻസ് മാനേജർ, അഡ്വർടൈസിംഗ് മാനേജർ എന്നീ 13 ഉം പ്രൊഫഷനുകളിലാണ് സൗദിവത്കരണം നിശ്ചയിച്ചിരിക്കുന്നത്. നാലു പേരുള്ള ചെറുകിട കമ്പനികളെ ഈ വ്യവസ്ഥ ബാധിക്കില്ല. അഞ്ചും അതിലധികവും ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ മാർക്കറ്റിംഗ് മേഖലയിലെ ഈ പ്രൊഫഷനുകളിൽ 30 ശതമാനമാണ് സൗദിവത്കരണമുള്ളതെങ്കിലും ഇത്തരം പ്രൊഫഷനുകളിൽ കമ്പനികളിൽ എത്ര പേരുണ്ടെന്നുള്ളത് പ്രധാനമാണ്. അതിനനുസരിച്ചായിരിക്കും നടപടിയുണ്ടാവുക. 30 ശതമാനത്തിലധികമായി വരുന്നവരുടെ ഇഖാമ പിന്നീട് പുതുക്കാൻ സാധിക്കില്ല. സ്ഥാപനം ആരുടെയും പ്രൊഫഷൻ മാറ്റാതിരുന്നാൽ ഇഖാമ പുതുക്കുന്ന സമയത്ത് പ്രതിസന്ധിയുണ്ടാകും. 30 ശതമാനമാണ് സൗദിവത്കരണം നിർബന്ധമുള്ളതെങ്കിലും ക്രമേണ ഈ പ്രൊഫഷനുകളിലുള്ള എല്ലാവരെയും ബാധിക്കും. അടുത്ത കാലത്തായി വന്ന സൗദിവത്കൃത പ്രൊഫഷനുകളിൽ ഇപ്രകാരമാണ് പ്രകടമായത്. എന്നാൽ സെക്രട്ടറി ഉൾക്കൊള്ളുന്ന സപ്പോർട്ടിംഗ് അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലെ നിശ്ചിത എട്ടു പ്രൊഫഷനുകളിലെ ഇഖാമയുപയോഗിച്ച് ആറു മാസത്തിന് ശേഷം വിദേശികൾക്ക് ജോലി ചെയ്യാനാവില്ല. പ്രൊഫഷൻ മാറ്റ നടപടികൾ ഇപ്പോൾ തന്നെ തുടങ്ങേണ്ടിവരും.
മിക്ക കമ്പനികളിലും നിലവിൽ ഈ പ്രൊഫഷനുകളിലെല്ലാം ജോലി ചെയ്യുന്നത് വിദേശികളാണ്. സൗദി യൂനിവേഴ്‌സിറ്റികളിൽ നിന്നും വിദേശങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി സൗദി യുവാക്കൾ തൊഴിലന്വേഷകരായി ഉണ്ടെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും അത് രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മാറ്റമുണ്ടാക്കുമെന്നാണ് ഇതേ കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. 32000 ഓളം സൗദി പൗരന്മാർക്ക് ഈ പുതിയ പ്രഖ്യാപനം വഴി ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.