തിരുവനന്തപുരം- കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെക്കുറിച്ച കെ. മുരളീധരന്‍ എം.പിയുടെ പരാമര്‍ശം വിവാദമാകുന്നു. തിരുവനന്തപുരം മേയര്‍ക്ക് നല്ല സൗന്ദര്യം ഉണ്ടെങ്കിലും വായില്‍നിന്നു വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തിലായിരുന്നു മുരളീധരന്റെ വിവാദ പരാമര്‍ശം. എം.പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനക സിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളുത്തതാണ്. മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്ക് പറയാന്‍ ഇതുവരെ താറായിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന്റെ മേയര്‍ക്കെതിരെയുള്ള പരാമര്‍ശത്തിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.