മസ്‌കത്ത്- ഒമാനില്‍ നിക്ഷേപകര്‍ക്ക് പ്രത്യേക റസിഡന്‍സി വിസയ്ക്കുള്ള ഫീസ് നിരക്കുകള്‍ നിലവില്‍ വന്നു. 200 ഒമാനി റിയാല്‍ (ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ) രജിസ്‌ട്രേഷന്‍ ഫീസ് അടച്ചാല്‍ നിക്ഷേപകര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കും. 300 രൂപ ഫീസ് അടച്ചാല്‍ അഞ്ചു വര്‍ഷ വിസയും ലഭിക്കും. ഈ വിസകള്‍ പുതുക്കുന്നതിനും ഇതേ നിരക്കുകളാണ് നല്‍കേണ്ടത്. പുതിയ നിയമപ്രകാരം മൂന്ന് വര്‍ഷം കൂടുമ്പോള്‍ വിസ പുതുക്കണം.
നിക്ഷേപകര്‍ക്ക് അവരുടെ ഇണകള്‍ക്കും മക്കള്‍ക്കും ഈ വിസകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി നിക്ഷേപകര്‍ 10 വര്‍ഷ വിസയ്ക്ക് 100 ഒമാനി റിയാലും അഞ്ചു വര്‍ഷ വിസയ്ക്ക് 50 റിയാലും ഫീസ് അടക്കണം. ഈ വിസകള്‍ പുതുക്കാനും ഇതേ നിരക്കുകള്‍ നല്‍കിയാല്‍ മതി.
രാജ്യത്ത് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദേശിയുടെ അപേക്ഷ പ്രകാരം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഇതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്താല്‍ നിക്ഷേപകന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വിസ ലഭിക്കും. ഈ വിസയ്ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. ബന്ധപ്പെട്ട അധികാരികളുടെ അനുമതി ലഭിച്ചാല്‍ ഇതേ കാലാവധി നീട്ടി നല്‍കുകയും ചെയ്യും. ഈ വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഓരോ വരവിലും മൂന്ന് മാസം വരെ താമസിക്കാം.