ജിദ്ദ- സ്വദേശിവല്‍ക്കരണം സൗദി അറേബ്യയില്‍ പുതിയ സംഭവമല്ലെങ്കിലും മലയാളികളടക്കമുള്ള പ്രവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കയാണ് മാനവശേഷി സാമൂഹിക വിസന മന്ത്രിയുടെ പുതിയ പ്രഖ്യാപനം.
വിവിധ രാജ്യാക്കാരായ ആയിരങ്ങള്‍ ജോലിക്കായി ആശ്രയിക്കുന്ന രണ്ട് പുതിയ മേഖലകളിലാണ് സൗദിവല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന്. ഓഫീസ് ജോലികള്‍. രണ്ട് മാര്‍ക്കറ്റിംഗ് മേഖല.
സെക്രട്ടറി മുതല്‍ ഡാറ്റ എന്‍ട്രി ക്ലര്‍ക്ക് വരെയുള്ള തസ്തികകളാണ് ഓഫീസ് സപ്പോര്‍ട്ട് രംഗത്ത് സ്വദേശികള്‍ക്കായി നീക്കിവെക്കുന്നത്.
മാര്‍ക്കറ്റിംഗ് മേഖലയില്‍ സ്‌പെഷ്യലിസ്റ്റ് മുതല്‍ പരസ്യ ഡിസൈനര്‍ ജോലി വരെ സ്വദേശിവല്‍ക്കരിക്കുമെന്നാണ് മന്ത്രി അഹ്്മദ് അല്‍ രാജ്ഹി പ്രഖ്യാപിച്ചിരിക്കുന്നത്.രണ്ട് മേഖലകളിലും കൂടി 21 തസ്തികകളാണ് സൗദിവല്‍ക്കരണത്തിലേക്ക് നീങ്ങുന്നത്.
നിലവില്‍ ഈ മേഖലകളില്‍ യഥാര്‍ഥത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല ആശങ്ക. മറ്റു പല തസ്തികകളിലും സൗദി വല്‍ക്കരണം വന്നതോടെ ഈ പ്രൊഫഷനുകളിലേക്ക് ചേക്കേറിയവര്‍ ധാരാളമാണ്. അവര്‍ മറ്റു ജോലികളാണ് ചെയ്യുന്നതെങ്കിലും ഇഖാമയില്‍ ഇപ്പോള്‍ സൗദിവല്‍ക്കരിക്കുന്ന പ്രൊഫഷനുകളാണുള്ളത്.
സൗദികളെ നിയമിച്ച് പദവി ശരിയാക്കുന്നതിന് ഓഫീസ് , മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ക്ക് ആറു മാസമാണ് സമയം നല്‍കിയിരിക്കുന്നത്. ഈ കാലയളവില്‍ നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പുതിയ ഏതെങ്കിലും തസ്തികയിലേക്ക് മാറേണ്ടിവരും. അങ്ങനെ പുതിയ പ്രൊഫഷനുകള്‍ കണ്ടെത്തുക തന്നെയും പ്രയാസകരമായിട്ടുണ്ട്.
എന്‍ജിനീയറിംഗ്, ടെക്‌നീഷ്യന്‍, അക്കൗണ്ട്‌സ്, ഫാര്‍മസി തുടങ്ങിയ മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിനുശേഷമാണ് പുതിയ മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
ആറു മാസത്തിനകം പ്രൊഫഷന്‍ മാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇത്തരം ജീവനക്കാരുടെ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാന്‍ സാധിക്കില്ലെന്ന ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഇഖാമയില്‍ നേരത്തെ സൗദിവല്‍ക്കരിച്ച പ്രൊഫഷനുകളിലുള്ളവര്‍ ധാരാളമായി പ്രൊഫഷന്‍ മാറ്റാനോ ഇഖാമ പുതുക്കാനോ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. അതിനിടയിലാണ് വലിയ വെല്ലുവിളിയും തിരിച്ചടിയുമായി പുതിയ സൗദിവല്‍ക്കരണം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.