ഷാർജ -ഇന്ത്യയിലുള്ള തന്റെ പ്രണയിനിയെ ഒരു നോക്കു കാണാൻ നാട്ടിൽ പോകാൻ കമ്പനി അനുമതി നൽകാത്തതിനെ തുടർന്ന് പാസ്‌പോർട്ടും ടിക്കറ്റുമില്ലാതെ ഷാർജ വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച 26കാരനായ പ്രവാസി യുവാവിനെ ഷാർജ പോലീസ് പിടികൂടി. വിമാനത്താവളത്തിലെ സുരക്ഷാ വേലി ചാടിക്കടന്ന് റൺവേയിലേക്ക് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഒരു കമ്പനിയിൽ എഞ്ചിനീയറായ യുവാവ് നിരവധി തവണ നാട്ടിൽ പോകാൻ അനുമതി തേടിയെങ്കിലും കമ്പനി നിരസിച്ചതിനെ തുടർന്നാണ് ഏതു വിധേനയും നാട്ടിലെത്തി കാമുകിയെ കാണാൻ ശ്രമം നടത്തിയത്.
കാമുകിയെ കാണാൻ കഴിയാതെ വളരെ വിഷമത്തിലാണ് യു.എ.ഇയിൽ കഴിഞ്ഞിരുന്നതെന്ന് യുവാവ് പറയുന്നു. നാട്ടിൽ പോകാൻ 15 തവണ കമ്പനിയോട് അനുമതി തേടി. എന്നാൽ യുവാവിന്റെ ബന്ധുകൂടിയായ മാനേജർ അനുമതി നൽകിയില്ല. പാസ്‌പോർട്ടും വിട്ടുനൽകിയില്ല. തുടർന്നാണ് എന്തു വന്നാലും സഹിക്കാൻ തയാറായി ഒരു പേഴ്‌സ് മാത്രമെടുത്ത് വിമാനത്താവളത്തിലേക്ക് പോയത്. മതിൽ ചാടി റൺവേയിലേക്ക് ഓടാനായിരുന്നു പദ്ധതി. സുരക്ഷാ വേലി ചാടുന്നതിനിടെ ഒരു തൊഴിലാളി ഇതു കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.
ഈ ശ്രമത്തിനിടെ പോലീസ് പിടിയിലായാൽ കോടതി ഇടപെട്ട് പാസ്‌പോർട്ട് തിരികെ ലഭിക്കുമെന്നും നാടു കടത്തുമെന്നുമായിരുന്നു യുവാവിന്റെ കണക്കു കൂട്ടൽ. എന്നാൽ പിടിയിലായെങ്കിലും അതും ഉണ്ടായില്ല. കോടതിയിൽ ഇപ്പോൾ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. യു.എ.ഇ തൊഴിൽ നിയമത്തിനു വിരുദ്ധമായി കമ്പനി പാസ്‌പോർട്ട് പിടിച്ചു വയ്ക്കുകയായിരുന്നെന്നാണ് യുവാവിന്റെ ആരോപണം.
നാട്ടിൽ ചെന്ന് കാമുകിയെ കാണുകയും അവളെ വിവാഹം കഴിക്കാനുള്ള സാഹചര്യമുണ്ടാക്കുകയുമായിരുന്നു യുവാവിന്റെ പദ്ധതി. ഈ പ്രണയ ബന്ധത്തോട് യുവാവിന്റെ മാതാപിതാക്കൾക്ക് എതിർപ്പുണ്ട്. എന്നാൽ കാമുകിയുടെ മാതാപിതാക്കൾക്ക് പ്രശ്‌നമില്ല. നാട്ടിലെത്തി സ്വന്തം മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി വിവാഹത്തിന് സമ്മതിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവാവ്. അവൾക്കൊപ്പമല്ലാതെ എനിക്ക് ജീവിക്കാനാകില്ല. എന്റെ മാതാപിതാക്കളെ ഇതു പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ ആശീർവാദത്തോടെ വിവാഹം നടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്തിനാണ് ഇവർ ഇങ്ങനെ പെരുമാറുന്നത്. സ്വന്തം മക്കളുടെ സന്തോഷമല്ലെ അവർ ചിന്തിക്കേണ്ടത്. ആരെ വിവാഹം ചെയ്യണമെന്നത് മക്കളുടെ ഇഷ്ടമല്ലേ,' യുവാവ് പറയുന്നു.
വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തിൽ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം വരെ പിഴയുമായണ് ശിക്ഷ.