കൊച്ചി-മോന്‍സണ്‍ മാവുങ്കലിന്റെ പേഴ്സണല്‍ മേക്കപ്പ്മാന്‍ ജോഷി അറസ്റ്റില്‍. മോന്‍സണിനൊപ്പം മേക്കപ്പ് മാനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. രാവിലെ ജോഷിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കും.
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേത് എന്ന് സംശയിക്കുന്ന എല്ലുകള്‍ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടില്‍ നിന്നും ഇവ പിടിച്ചത്. കലൂരിലെ വീട്ടില്‍നിന്നു റെയ്ഡിന് തൊട്ടു മുമ്പ് മോന്‍സന്റെ സഹായികള്‍ ഇവ മാറ്റിയിരുന്നു. സഹായികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് വനംവകുപ്പിന് വിവരം നല്‍കുകയായിരുന്നു.
മോന്‍സന്റെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിലടക്കം വിവരശേഖരണത്തിനായി മോന്‍സന്റെ മുന്‍ മാനേജര്‍ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സാമ്പത്തിക ഇടപാടുകള്‍, മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ തുടങ്ങിയവയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഒളിക്യാമറയിലെ വിവരങ്ങള്‍ക്കായി മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. പോക്സോ കേസിലെ പരാതിക്കാരിയാണ് മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തിലെ ഒളിക്യാമറകളെ പറ്റി ക്രൈംബ്രാഞ്ചിന് വിവരം കൈമാറിയത്. പിന്നീട് ഫോറന്‍സിക് സംഘമാണ് ഇത് പിടിച്ചെടുത്തത്. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചു വരികയാണ്. നശിപ്പിച്ചു കളഞ്ഞ പെന്‍ഡ്രൈവ് കൂടാതെ മറ്റെവിടെയെങ്കിലും ദൃശ്യങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം.