Sorry, you need to enable JavaScript to visit this website.

സൗദി ലെവി: ചെറുകിട, ഇത്തരം മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യം

റിയാദ് - ഈ വർഷം ജനുവരി ഒന്നിനു മുമ്പായി നേടിയ വർക്ക് പെർമിറ്റുകളിൽ ഈ കൊല്ലത്തിൽ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി കണക്കാക്കി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇഷ്യു ചെയ്ത ഭീമമായ തുകയുടെ ഇൻവോയ്‌സ് സ്വകാര്യ വ്യവസായികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ലെവി ഇൻവോയ്‌സ് ഇടയാക്കുമെന്ന് വ്യാപാരികളും വ്യവസായികളും പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഒരിക്കലും താങ്ങാൻ കഴിയാത്ത ഇൻവോയ്‌സുകളാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇങ്ങിനെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകിയിരിക്കുന്നത്. ഇഖാമ കാലാവധിയുടെ മധ്യത്തിൽ വെച്ചോ കാലാവധി അവസാനിക്കുന്നതിന് മാസങ്ങൾ ശേഷിക്കെയോ വിദേശ തൊഴിലാളികൾ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു പോലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കാതെ മുഴുവൻ ജീവനക്കാർക്കുമുള്ള ലെവി ഇൻവോയ്‌സ് ആണ് മന്ത്രാലയം ഇഷ്യു ചെയ്തിരിക്കുന്നത്.

ലെവി: ഭീമമായ തുകയുടെ ഇൻവോയ്‌സ് ലഭിച്ചവർ അങ്കലാപ്പിൽ

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ലെവി ഇൻവോയ്‌സിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവി ഇൻവോയ്‌സ് ബാധകമാക്കുന്നത് വിലക്കുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു. രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഇതിനു പുറമെ വൈദ്യുതി, ഇന്ധന നിരക്കുകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ലെവി ഇനത്തിലെ സാമ്പത്തിക ബാധ്യത മുൻകൂറായി പണമായി അടയ്ക്കണമെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെടുന്നത്. 

ഉൽപന്നങ്ങൾക്കും വൈദ്യുതി, ജല, ഗ്യാസ്, ഇന്ധന ബില്ലുകളിലും യാത്രാ സേവനത്തിനും മറ്റും വിദേശികൾ മൂല്യവർധിത നികുതി നൽകുന്ന സാഹചര്യത്തിൽ ലെവി ഈടാക്കുന്നതിന് ഒരു ന്യായീകരണവും കാണുന്നില്ലെന്ന് സൗദി പൗരൻ ഖാലിദ് അൽസുലൈമാൻ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളുടെ നടുവൊടിക്കുന്ന ലെവി, പൗരന്മാരുടെ ജീവിത ചെലവ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ഫീസുകളും നികുതികളും ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് ഇടയാക്കുമെന്നും ഇത് സൗദിവൽക്കരണ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ധൻ ഫദ്ൽ അൽബൂഅയ്‌നൈൻ പറഞ്ഞു. ഒരു മാസം മുമ്പ് സ്വകാര്യ മേഖലക്കുള്ള 7,200 കോടി റിയാലിന്റെ ഉത്തേജന പദ്ധതി തിരുഗേഹങ്ങളുടെ സേകവൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. ഒരു മാസം പിന്നിടുന്നതിനു മുമ്പായി ഭീമമായ തുകയുടെ ലെവി ഇൻവോയ്‌സുകൾ ലഭിച്ച് കമ്പനികൾ ഞെട്ടിയിരിക്കുകയാണ്. കമ്പനികൾ അടച്ചുപൂട്ടുകയും തൊഴിലില്ലായ്മ നിരക്ക് കൂടുതൽ ഉയരുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ബുർജുസ് അൽബുർജുസ് പറഞ്ഞു. 
ലെവി ഇൻവോയ്‌സിലൂടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഞെക്കികൊല്ലുകയാണെന്ന് സൗദി വ്യാപാരി അഹ്മദ് അൽജിബ്‌രീൻ പറഞ്ഞു. തൊഴിലില്ലായ്മ കുറയ്ക്കൽ അടക്കമുള്ള ലക്ഷ്യങ്ങൾ നേടുന്നതിന് ലെവി അടക്കമുള്ള തീരുമാനങ്ങൾ തൊഴിൽ, സാമൂഹിക മന്ത്രാലയം നടപ്പാക്കുന്നതിനെ എല്ലാവരും പിന്തുണക്കുന്നുണ്ടെങ്കിലും വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങൾ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഏൽപിക്കുന്ന ആഘാതം എത്രമാത്രമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നതെന്ന് അബ്ദുൽ അസീസ് അൽമൂസ പറഞ്ഞു. തലതിരിഞ്ഞ തീരുമാനങ്ങളുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മുന്നോട്ടുപോകുന്ന പക്ഷം ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിക്ക് മേൽനോട്ടം വഹിക്കുന്നതിനുള്ള സ്ഥാപനങ്ങൾ രാജ്യത്തുണ്ടാകില്ല. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അതോറിറ്റി ഇടപെടണമെന്ന് ഖാലിദ് അൽഅമ്മാർ ആവശ്യപ്പെട്ടു. തൊഴിൽ വിപണിയെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മനസ്സിലാക്കുന്നില്ല. തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് സാധിക്കാത്തതു മൂലമാണ് ലെവി പോലുള്ള വളഞ്ഞ തന്ത്രങ്ങൾ മന്ത്രാലയം അവലംബിക്കുന്നതെന്ന് ഖാലിദ് അൽബവാരിദി പറഞ്ഞു.
 

Latest News