Sorry, you need to enable JavaScript to visit this website.

വന്ന ദിവസം തന്നെ ഝാര്‍ഖണ്ഡ് സ്വദേശി കഴുത്തറുത്ത് മരിച്ച നിലയില്‍

ഇടുക്കി- കടപ്പനയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശി ബെജാമിന്‍ ബസ്‌കി ആണ് സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപടികള്‍ ആരംഭിച്ചു. കട്ടപ്പന കാഞ്ചിയാറിന് സമീപം വെങ്ങാനൂര്‍കടയില്‍ സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലാണ് സംഭവം. ഇന്ന് രാവിലെ ഝാര്‍ഖണ്ഡില്‍ നിന്ന് എത്തിയ അഞ്ചഗ സംഘത്തിലെ ഒരാളാണ് മരിച്ച ബെജാമിന്‍ ബസ്‌കി.

സംസ്ഥാനത്തിനു വെളിയില്‍ നിന്ന് എത്തിയതിനാല്‍ ഇവരെ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഇരിക്കാനായി പ്രത്യേകം മുറി ഏര്‍പ്പെടുത്തി കൊടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക്ക് പുറത്തിരുന്ന് ഉരുളകിഴങ്ങ് അരിയുന്നതിനിടെ ഇയാള്‍ കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തു മുറിച്ചതായി സമീപത്ത് പണി ചെയ്തിരുന്ന മറ്റൊരാള്‍ കണ്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കട്ടപ്പനയിലേക്കുള്ള യാത്രക്കിടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളുമായി ഇയാള്‍ ബസില്‍ വഴക്കുണ്ടാക്കിയതായി പോലീസ് പറയുന്നുണ്ട്. മറ്റ് നാല് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡിവൈ.എസ്. പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest News