Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെലിബ്രിറ്റികളെ മാനിക്കാൻ പഠിക്ക് 

'എന്ത് വേണമെങ്കിലും പറയാം' എന്ന ഇമ്മ്യൂണിറ്റിയും ധിക്കാരവുമാണ് മാധ്യമപ്രവർത്തനത്തെ തന്നെ അപകടത്തിലാക്കിയിരിക്കുന്നത്. സൂചന നൽകുന്നത് ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനായ  ശശികുമാറാണ്. ചാനൽ ന്യൂസ് എന്നാൽ പ്രൈംടൈം ന്യൂസ് എന്ന അവസ്ഥയായാണ് മാറിയിരിക്കുന്നത്. ന്യൂസ് അവറാണ് ചാനലുകളെ സംബന്ധിച്ചുള്ള പ്രധാന റവന്യു. അവിടെ വെറുതെ വാർത്ത കൊടുത്താൽ അഡ്വർടൈസർമാർ വരില്ല. അവിടെ ഡ്രാമ വേണം. പോർവിളിയും വെല്ലുവിളിയും വേണം. സീരിയൽ കാണുന്ന പോലെയാണ് ജനം അത് കാണുന്നത്. 1991- 92ലെ ലിബറലൈസേഷനു ശേഷം പരിപൂർണമായും മാർക്കറ്റ് മോഡൽ ആയാണ് മാധ്യമങ്ങൾ മാറിയിരിക്കുന്നത്. വലിയ മാധ്യമങ്ങൾ ഒരുപാട് ലാഭമുണ്ടാക്കുമ്പോൾ ചെറിയ മാധ്യമങ്ങൾ അവരുടെ നിലനിൽപ്പിനായി ബ്ലാക്ക് മെയിൽ ജേണലിസവും സെൻസേഷണൽ ജേണലിസവുമാണ് നടത്തുന്നത്. ഇത് അപകടകരമായ പ്രവണതയാണ്.  ഇത്തരമൊരു സാഹചര്യത്തിൽ ജേണലിസ്റ്റുകൾക്ക് സെൽഫ് റഗുലേഷൻ ബോഡി അനിവാര്യമാണ്.  ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാനായ ശശികുമാർ മാതൃഭൂമി ഓൺലൈന് അനുവദിച്ച അഭിമുഖത്തിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. 
ഞങ്ങൾക്ക് മാധ്യമങ്ങളെ ആവശ്യമില്ല എന്ന തലത്തിലേക്കാണ് നേതാക്കളെല്ലാം മാറിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ഇപ്പോൾ മാധ്യമങ്ങളുടെ ആവശ്യമില്ല. അതിനാൽ തന്നെ പൊളിറ്റിക്കൽ ജേണലിസത്തിനും വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. റിപ്പോർട്ടിങ്ങിനുള്ള പ്രാധാന്യം ദൃശ്യമാധ്യമങ്ങളിൽ പഴയതിനേക്കാൾ കുറഞ്ഞു.  സമകാലീന മാധ്യമങ്ങളിൽ ജേണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കിൽ കീ ഹോൾ ജേണലിസമാണ് കാണുന്നത്.  ഒരു മൊബൈൽ ഫോൺ കൈവശമുള്ളവർ പോലും മാധ്യമ പ്രവർത്തകരാകുന്ന പുതിയ കാലത്ത് ശശികുമാറിന്റെ  വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. സോഷ്യൽ മീഡിയയിൽ ആർക്കും മാധ്യമപ്രവർത്തകരാവാം. അത് സോഷ്യൽ മീഡിയയുടെ പ്രത്യേകതയാണ്. പലരും ബ്ലോഗെഴുതുന്നില്ലേ ഫേസ്ബുക്കിൽ പോസ്റ്റിടുന്നില്ലേ ഇതെല്ലാം തന്നെ സോഷ്യൽ മീഡിയയുടെ സ്വഭാവമാണ്. ആർക്കും എന്തും അവിടെ എഴുതാം കണ്ടന്റുകൾ ഉണ്ടാക്കാം. വിദ്വേഷം, പ്രസംഗം, അശ്ലീലത അങ്ങനെ പലതും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഇതൊക്കെ മാധ്യമപ്രവർത്തനമല്ലെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.  
കിട്ടുന്നതെന്തും അതേ രീതിയിൽ അവതരിപ്പിക്കലോ ജനങ്ങൾക്ക് ആവശ്യമുള്ളതെന്തും കൊടുക്കലോ അല്ല ജേണലിസമെന്നും അത് മയക്കുമരുന്ന് വിൽപനയാണെന്ന ഓർമ്മപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. ജനങ്ങൾക്ക് മയക്കുമരുന്നാണ് ആവശ്യമെങ്കിൽ അതും സെക്‌സ് ആണ് വേണ്ടതെങ്കിൽ അതും നൽകുന്നതല്ല ജേണലിസ്റ്റുകൾ ചെയ്യേണ്ടത്. മാധ്യമപ്രവർത്തനത്തിന്റെ രീതി തന്നെ വല്ലാതെ മാറിയ കാലമാണിതെന്ന്  ശശികുമാർ അഭിമുഖത്തിൽ വ്യക്തമാക്കി.  ഇന്ത്യൻ പ്രധാനമന്ത്രി എപ്പോഴെങ്കിലും വാർത്താ സമ്മേളനം നടത്തിയിട്ടുണ്ടോ എന്ന ശശികുമാറിന്റെ ചോദ്യവും പ്രസക്തമാണ്. പ്രധാനമന്ത്രിക്ക് മാധ്യമങ്ങളെ പുച്ഛമാണെന്നും അദ്ദേഹത്തിന്റെ ട്വിറ്റർ ഫോളോവേഴ്‌സ് തന്നെ 7.2 കോടിയും ആണ്. അമേരിക്കൻ പ്രസിഡന്റായിരിക്കെ ട്രംപ് വൈറ്റ് ഹൗസിലെ പ്രസ് കോൺഫറൻസ് പൊടുന്നനെ നിർത്തിയ കാര്യവും മറക്കാനാവില്ല. 

***          ***          ***


മലയാളി ട്രോളന്മാർ കുറച്ചു കാലമായി പട്ടിണിയിലായിരുന്നു. ഇതിന് പരിഹാരമുണ്ടാക്കിയത് നടിയും മോഡലുമായ ഗായത്രി സുരേഷ് . കൊച്ചി കാക്കനാട്ട് താരം സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച വീഡിയോ വൈറലായി.  വിശദീകരണവുമായി ഗായത്രി ലൈവിലെത്തിയെങ്കിലും രൂക്ഷമായ വിമർശനങ്ങളാണ് താരം വീണ്ടും നേരിടേണ്ടി വന്നത്. ഇത് ഇത്രയും വലിയ പ്രശ്‌നമാകാൻ കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. വിഡിയോയിൽ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാൻ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്.  ഞാൻ പെർഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെൻഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ കേൾക്കണം. സത്യത്തിൽ അപകടത്തിൽ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകർത്തത് ആളുകൾ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു. കേരളത്തിൽ മൂന്ന് കോടി ജനങ്ങളിൽ ഒരുലക്ഷം ആളുകൾ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട- ഗായത്രി പറഞ്ഞു. ഇതിനെയൊക്കെ മാത്തമാറ്റിക്‌സ് പഠിപ്പിച്ചതാരാണാവോ? 
വാഹനാപകടവുമായി ബന്ധപ്പെട്ട നടി ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോൾ ഓർമ്മ വന്നത് കിലുക്കം സിനിമയിലെ രേവതിയെയാണെന്ന് നടൻ മനോജ് കുമാർ. തെറ്റ് പൂർണമായും ഗായത്രിയുടെ ഭാഗത്താണെന്നും അതിനെ ന്യായീകരിക്കരുതെന്നും മനോജ് പറഞ്ഞു. 'ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാൻ പറ്റാത്തതാണ്. നമ്മൾക്ക് ഒരു തെറ്റു പറ്റിയാൽ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാൽ ഗായത്രി അതുവേറെ വഴിക്കാക്കി.' -മനോജ് പറയുന്നു.
ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു. കടവന്ത്രയിൽ വെച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങൾ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണു ചെയ്തു തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോൾ അവർക്ക് ആളെയും മനസ്സിലായി. ബീനയോട് അവർ നല്ല രീതിയിലാണ് സംസാരിച്ചത്.
ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ്, അഭിനയം. ഗായത്രി ബിഗ് സ്‌ക്രീനിലും ഞാൻ മിനിസ്‌ക്രീനിലും അഭിനയിക്കുന്നു എന്നു മാത്രം. പബ്ലിക്കിൽ നമ്മളെല്ലാം അറിയപ്പെടുന്നവരാണ്. ഒന്നാമത് ആർട്ടിസ്റ്റുകളുടെ വായിൽ നിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാൽ, പിന്നെ ട്രോളുകളുടെ മഹോത്സവമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ നമ്മളുടെ വായിൽ നിന്ന് എന്തെങ്കിലും വീഴാവൂ. 

***          ***          ***

കേരളത്തിൽ നടന്ന അത്യപൂർവ കൊലപാതകമായ കൊല്ലത്തെ ഉത്ര വധം ബിബിസിയിലൂടെ ആഗോള ശ്രദ്ധയിൽ. കേസിലെ വിധി വന്നതിനു പിന്നാലെയാണ് കെട്ടുകേൾവിപോലുമില്ലാത്ത കൊലപാതകം ബിബിസി കൊടുത്തിരിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് കോടതി തന്നെ വിശേഷിപ്പിച്ചത്. പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. സൂരജ്-ഉത്ര ദമ്പതികളുടെ കുടുംബ ജീവിതവും ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ ശ്രമങ്ങളും കൊലപാതകവും പിന്നീട് ഉണ്ടായ വഴിത്തിരിവും ശിക്ഷാവിധിയും ബിബിസി വിശദമായി വിവരിക്കുന്നുണ്ട്. അഞ്ചൽ ഏറം 'വിഷു'വിൽ വിജയസേനന്റെ മകൾ ഉത്രയ്ക്ക് (25) 2020 മെയ്  ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

Latest News