Sorry, you need to enable JavaScript to visit this website.

ലെവി: ഭീമമായ തുകയുടെ ഇൻവോയ്‌സ് ലഭിച്ചവർ അങ്കലാപ്പിൽ

റിയാദ് - ലെവി ഇനത്തിൽ അടക്കേണ്ട ഭീമമായ തുകയുടെ ഇൻവോയ്‌സ് ലഭിച്ച സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും തൊഴിലുടമകളും അങ്കലാപ്പിൽ. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന്റെയും ഇന്ധന, വൈദ്യുതി നിരക്ക് വർധനവുകളും പുതിയ നികുതികളും മൂലമുള്ള അധിക സാമ്പത്തിക ഭാരത്തിന്റെയും പശ്ചാത്തലത്തിൽ ഇത്രയും ഭീമമായ തുക ലെവിയിനത്തിൽ എങ്ങിനെ അടക്കുമെന്ന് അറിയാതെ ആശങ്കയിലാണ് തൊഴിലുടമകളും കമ്പനികളും സ്ഥാപനങ്ങളും.

ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വർഷം സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ൽ സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.

2018 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വർക്ക് പെർമിറ്റും നേടുകയോ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുകയോ ചെയ്തവരുടെ വർക്ക് പെർമിറ്റിൽ ഈ വർഷത്തിൽ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇൻവോയ്‌സ് ഇഷ്യു ചെയ്യുന്നത്. സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരുടെയും ഇഖാമയിൽ ഈ വർഷം എത്ര കാലമാണോ ബാക്കിയുള്ളതെങ്കിൽ അത്രയും കാലത്തേക്കുള്ള ലെവി കണക്കാക്കി ഇൻവോയ്‌സ് ഇഷ്യു ചെയ്ത് ലെവി ഈടാക്കുകയാണ് ചെയ്യുന്നത്. 


ജനുവരി ഒന്നിനു മുമ്പ് ഇഷ്യു ചെയ്ത വർക്ക് പെർമിറ്റിന്റെ കാലാവധിയിൽ ഈ വർഷത്തിൽ അവശേഷിക്കുന്ന കാലത്തേക്കുള്ള ലെവിക്കുള്ള ഇൻവോയ്‌സ് ആണ് നൽകുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ജനുവരി ഒന്നിനു മുമ്പായി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുകയോ സ്‌പോൺസർഷിപ്പ് മാറ്റുകയോ ചെയ്ത വിദേശ തൊഴിലാളികളുടെ ലെവി ഇൻവോയ്‌സിൽ കണക്കാക്കില്ല. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള വിദേശികൾക്കു മാത്രമാണ് പുതിയ നിരക്കിലുള്ള ലെവി കണക്കാക്കി ഇൻവോയ്‌സ് ഇഷ്യു ചെയ്യുന്നത്. മുൻകാല പ്രാബല്യത്തോടെ ലെവി കണക്കാക്കുന്നില്ല. ജനുവരി ഒന്നു മുതൽ വർക്ക് പെർമിറ്റിൽ എത്ര കാലാവധിയാണോ ഉള്ളതെങ്കിൽ അത്രയും കാലത്തേക്കുള്ള ലെവി മാത്രമാണ് ഇൻവോയ്‌സിൽ കണക്കാക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. ജനുവരി 15 മുതൽ ലെവി ഇൻവോയ്‌സ് നടപ്പാക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ജനുവരി 29 ലേക്ക് നീട്ടിവെക്കുകയായിരുന്നു.

സൗദി ലെവി: ചെറുകിട, ഇത്തരം മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യം

അതേസമയം, സ്വകാര്യ മേഖലയുടെ പ്രയാസം കണക്കിലെടുത്ത് ലെവി അടക്കുന്നതിനുള്ള സമയം ആറു മാസത്തേക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ദീർഘിപ്പിച്ചു. കൂടാതെ താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ലെവി മൂന്നു തവണകളായി അടയ്ക്കുന്നതിനും മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി. 

Latest News