Sorry, you need to enable JavaScript to visit this website.

അനന്തപുരിയില്‍ ഭരിക്കുന്നത് അഭിനവ യോഗി, അനുപമ സംഭവം അസാധാരണം- അഡ്വ. ആസഫലി

തലശ്ശേരി- ഇന്ത്യയില്‍ ഒരിടത്തും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു സമരമാണ് തലസ്ഥാനത്തെ സെക്രട്ടറിയേറ്റിനു മുമ്പില്‍ കഴിഞ്ഞ ദിവസം  നടന്നത്. പത്തു മാസം ഗര്‍ഭം ധരിച്ചു വേദനിച്ചു പ്രസവിച്ച കുഞ്ഞിനുവേണ്ടിയുള്ള സമരം.  കുഞ്ഞിനെ ചതിയില്‍ മാതാവില്‍നിന്നു തട്ടികൊണ്ടുപോയി നിയമവിരുദ്ധമായി  ആന്ധ്രയിലെ കുടുംബത്തിലെത്തിച്ച  ഹീനമായ നടപടിയുണ്ടായിട്ടും നമ്മുടെ പോലീസും ഭരണകൂടവും നിശ്ചലമാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ.ടി. ആസഫലി കുറ്റപ്പെടുത്തി.
ഫെയസ് ബുക്ക്  പോസ്റ്റിലൂടെയാണ് സര്‍ക്കാരിനെതിരെയുള്ള ശക്തമായ രോഷം ആസഫലി രേഖപ്പെടുത്തിയത.്
സ്ത്രീ സുരക്ഷ, കുഞ്ഞുങ്ങളുടെ സംരക്ഷണം എന്നീ വിഷയങ്ങളില്‍ വാചാലമാവുന്ന നമ്മുടെ മുഖ്യമന്ത്രി ഇടതു വനിതാ നേതാക്കള്‍ (വൃന്ദ കാരാട്ട് ഒഴിച്ച്), ഇടതു 'സാഹിത്യ -ബുദ്ധി  ജീവികള്‍ (ചിലപ്പോള്‍ ഇവരെ ''ബുദ്ധി ജന്തുക്കള്‍'' എന്നു വേണമെങ്കില്‍ വിളിക്കാം) ഇവരെല്ലാം മൗനവ്രതത്തിലാണ്.  സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാന്‍ മാതാവ് പോലീസിലും അധികാരികളിലും  പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞിനെ മാതാവില്‍നിന്നു തട്ടിയെടുത്തു കൃത്രിമ രേഖയുണ്ടാക്കി നാടുകടത്തിയ സംഭവത്തെക്കുറിച്ച് പോലീസിനു 6 മാസമായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിഞ്ഞില്ല. പോലിസിനെ നിശ്ചലമാക്കിയ ശക്തികള്‍ ഏതാണ്? മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഉന്നതന്റെ വീട് സെര്‍ച്ച് ചെയ്യുമ്പോള്‍ 'ബാല നീതി' നിഷേധമാണെന്നു പറഞ്ഞു ഓടി എത്തിയ ബാലാവകാശ കമ്മീഷന്‍ എവിടെയും കണ്ടില്ല. അനുപമയുടെ പരാതിയില്‍ മൗനിയായിരുന്നതായാണറിവ്. നമ്മുടെ വനിതാ കമ്മീഷനും കഴിഞ്ഞ 6 മാസം ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തതായാണ് അറിവ്. എല്ലാ നിയമവിരുദ്ധ നടപടിയെയും ശരിവെക്കുന്ന ഒരു അഭിനവ യോഗി യാണ്  അനന്തപുരിയില്‍ ഭരണം നടത്തുന്നതെന്നും അഡ്വ. ആസഫലി കുറ്റപ്പെടുത്തി.

കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞു പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കുഞ്ഞിനെ  തട്ടി കൊണ്ടുപോയ പരാതി യില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. കേരള പോലീസ് നിയമം 57  വകുപ്പ് അനുസരിച്ചു ഒരാളെ നഷ്ടപ്പെട്ടു എന്ന് പോലീസിന് പരാതി ലഭിക്കുകയാണെങ്കില്‍ അപ്രകാരം നഷ്ടപ്പെട്ട കുട്ടി രക്ഷിതാവിന്റെ സംരക്ഷണത്തിലില്ല എന്നും അപകടത്തിലാണെന്നും വിവരം ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്തു നഷ്ടപെട്ട ആളെ കണ്ടെത്താന്‍ നടപടി എടുക്കണം. പിന്നീട് ആളെ കണ്ടെത്തി രക്ഷിതാവിനെ ഏല്‍പ്പിക്കണം എന്ന നിയമ വ്യവസ്ഥയാണ് കേരള പോലീസ് കുഴിച്ചു മൂടിയത്. ഇനി പോലീസിന്റെ വീഴ്ച ഉണ്ടായാല്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവണം എന്നാണ് ഇന്ത്യന്‍ പീനല്‍ കോഡ് 166 വകുപ്പ്  വിവക്ഷിക്കുന്നത്. ഏതങ്കിലും ആള്‍ക്ക് മാനഹാനി ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടി പോലീസ് നിയമം അനുസരിക്കാതിരുന്നാല്‍ ഒരു വര്‍ഷത്തോളം വെറും തടവും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. പോലീസ് അനുപമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് ഐ.പി.സി  166 വകുപ്പനുസരിച്ചുള്ള കുറ്റമാണ്. ആയതിനു പോലീസിനെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിയുണ്ടാവണെന്നും ആസഫലി പറഞ്ഞു.
അനുപമ എഴുതിയെന്നു പറയുന്ന ഒരു വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ ആന്ധ്രയിലെ ഒരു കുടുംബത്തിന് ദത്തു നല്‍കിയത്. ഒരു പുത്രനെ ദത്തെടുക്കുക്കുവാനുള്ള അധികാര പത്രമായി ഒരു രേഖ വ്യാജമായി ഉണ്ടാക്കുന്നത് ഇന്ത്യന്‍ പീനല്‍ കോഡ് 467 അനുസരിച്ചു ജീവ പര്യന്ത തടവോ പത്തു വര്‍ഷത്തോളമാവുന്ന തടവോ രണ്ടിലേതെങ്കിലും തരത്തില്‍ വെറും തടവോ നല്‍കി ശിക്ഷിക്കപ്പെടുന്ന കുറ്റമാണ്,
അനുപമയുടെ പരാതി പരിശോധിച്ചാല്‍ അനുപമയുടെ സമ്മതമോ അറിവോ കൂടാതെ ചതിയില്‍കൂടിയാണ് കുഞ്ഞിനെ ആന്ധ്രയിലെ കുടുംബത്തിന് ദത്തു നല്‍കിയതെന്ന് വ്യക്തമാവും.
സ്വന്തം മാതാവിന്റെ സ്വമനസ്സോടുകൂടിയാണ് ദത്തു നല്‍കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സി.പി.എം നിയന്ത്രണത്തിലുള്ള അംഗീകൃത അഡോപ്ഷന്‍ ഏജന്‍സിക്കും ചൈല്‍ഡ് വെല്‍ഫെയര്‍  കമ്മിറ്റിക്കും ഉണ്ട്. ദത്തു സംബന്ധിച്ചു ഏതങ്കിലും വ്യവസ്ഥ ലംഘിച്ചാല്‍  2016  ലെ ബാലനീതി നിയമം 80 വകുപ്പനുസരിച്ചു മൂന്ന് കൊല്ലം തടവ് ശിക്ഷ നല്‍കാവുന്ന കുറ്റമാണ്.
അമ്മയെ ദുര്‍ബോധനപ്പെടുത്തി സ്വന്തം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുവാന്‍ കൂട്ടുനില്‍ക്കുകയും കുറ്റകരമായി ഗൂഢാലോചന നടത്തി വ്യാജരേഖ യുണ്ടാക്കി കുഞ്ഞിനെ സ്വന്തം മാതാവിന്റെ ഹിതത്തിനെതിരായി ദത്തു സംബദ്ധമായ സര്‍വ നിയമനങ്ങളും ഇവിടെ ലംഘിച്ചു ദത്തു നല്‍കുന്നതിന് കൂട്ട് നില്‍ക്കുകയും പരാതി ലഭിച്ചിട്ടും നിയമാനുസരണം കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രതികളുമായി ഒത്തുകളിച്ച പോലീസിനെതിരെയും നടപടിയോ സംഭവം സംബന്ധിച്ചു കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാതെ മാതാവിനെ സമരത്തിലേക്ക് വലിച്ചിഴച്ച  മരകുതിരകളായ സര്‍ക്കാരിനെതിരെ ജനങ്ങളുടെ അടങ്ങാത്ത പ്രതിഷേധം ഉണ്ടാവേണ്ടതുണ്ടെന്നും അനുപമയുടെ  ധര്‍മ സമരത്തിന് പരിപൂര്‍ണ പിന്തുണ നല്‍കുവാന്‍ കേരളത്തിന്റെ പൗര സമൂഹം തയാവണമെന്നും അഡ്വ. ടി. ആസഫലി ആവശ്യപ്പെട്ടു.

 

 

Latest News