പത്തനംതിട്ട- ജില്ലയുടെ കിഴക്കന്‍ വനമേഖലയിലെ കുരുമ്പന്‍മൂഴിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ മുഴുവന്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ ആള്‍ക്കാരെയും ഫയര്‍ഫോഴ്സ് രക്ഷിച്ചു. കാടിനുള്ളിലൂടെ ഓഫ് റോഡ് ജീപ്പിലാണ് സംഘം ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ എത്തിയത്. അസ്‌കാ ലൈറ്റിന്റെ വെളിച്ചത്തില്‍ അരുവിയില്‍ രണ്ടിടത്ത് സമാന്തരപാലം നിര്‍മിച്ചാണ് കുടുങ്ങിപ്പോയവരെ പുറത്ത് എത്തിച്ചത്. വരാന്‍ വിസമ്മതിച്ച വീട്ടമ്മയെ അനുനയിപ്പിച്ചാണ് പാലം കടത്തി പുറംലോകത്ത് കൊണ്ടു വന്നത്.
പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ ജോസഫിന്റെ നേതൃത്വത്തില്‍ സ്‌കൂബാ ടീമും റാന്നി അസി. സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ റാന്നി ടീമുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എ.എസ്. ശ്രീജിത്ത്, എസ്. സതീഷ് കുമാര്‍, ശ്രീകുമാര്‍, അസിം അലി, സിനൂബ് സാം, കെ.പി. പ്രദീപ്, ആര്‍. അരുണ്‍ സിങ്, എ. അനന്ത്, ഗിരീഷ് കൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്
മന്ത്രി വീണാ ജോര്‍ജ്, എം.എല്‍.എ പ്രമോദ് നാരായണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.