കോഴിക്കോട്- കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റിയിലെ ഭൂമി തരംമാറ്റം അനധികൃതമാണെന്ന് കാണിച്ച് പരാതി. പഴയ തോട്ട കൈവശക്കാരാണ് പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചത്. നേരത്തെ പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണത്തെ ചോദ്യം ചെയ്ത് ഹരിത ട്രിബ്യൂണലില്‍ വന്ന പരാതിയില്‍ മര്‍കസിന് അനുകൂലമായാണ് വിധിയുണ്ടായത്.
1040 ഏക്കര്‍ വിസ്തൃതിയുള്ള തോട്ടം ഭൂമിയിലാണ് വലിയ വാണിജ്യ നിര്‍മാണങ്ങള്‍ നടത്തിയിരിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും കാട്ടിയാണ് പരാതി. ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവ് ലഭിച്ച തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടമാണ് ലംഘിച്ചതെന്ന് പറയുന്നു. ഭൂമിയുടെ പട്ടയത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ കൃഷി ആവശ്യത്തിനേ ഭൂമി ഉപയോഗിക്കൂവെന്ന് നോളജ് സിറ്റി അധികൃതര്‍ പറയുന്നുണ്ട്.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ചെയര്‍മാനും മകന്‍ അബ്ദുല്‍ ഹക്കീം മാനേജിംഗ് ഡയറക്ടറുമായ നോളജ് സിറ്റി ഇത്തരത്തിലെ ഇന്ത്യയിലെ വലിയ സംരംഭമാണ്. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്ന ഇവിടെ ലോ കോളജ്, യുനാനി മെഡിക്കല്‍ കോളജ് തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഷേറെ മുബാറക് എന്ന പള്ളിയുടെ ചുറ്റുമായാണ് വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൗണ്‍ഷിപ്പ് പൂര്‍ത്തിയായിവരുന്നത്.
നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. തോട്ടം ഭൂമിയിലല്ല നിര്‍മാണ പ്രവര്‍ത്തനം നടന്നത്. ഇത്തരം കാര്യങ്ങളെല്ലാം ദേശീയ ഹരിത ട്രിബ്യൂണല്‍ വിദഗ്ധ സമിതി പരിശോധിച്ച് അനുമതി നല്‍കിയതാണെന്നും പറയുന്നു.
തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഹരിത ട്രിബ്യൂണലിനു മുന്നിലെത്തിയ ഹരജിയില്‍ വന്നിട്ടില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകനായ അഡ്വ. നൂറുദ്ദീന്‍ മുസ്‌ലിയാര്‍ അിറിയിച്ചു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് പരിസ്ഥിതി ലോലമായ പ്രദേശത്ത് പരിസ്ഥിതിയെ തകര്‍ക്കും വിധമുള്ള നിര്‍മാണങ്ങള്‍ നടക്കുന്നുവെന്നായിരുന്നു ഹരജി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം പരിസ്ഥിതി വിരുദ്ധമായതിനാല്‍ നിര്‍മാണക്കാര്‍ക്ക് അനുകൂലമായാണ് ട്രിബ്യൂണല്‍ വിധിയുണ്ടായത്. കൊല്ലത്ത് മാതാ അമൃതാനന്ദമയീ ട്രസ്റ്റും ഇത്തരം നിയമവിരുദ്ധ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ ചെറിയ തരത്തിലെങ്കിലും നിയമം പാലിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരും- നൂറുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു.
നിയമത്തെ ദൂര്‍വ്യാഖ്യാനം ചെയ്യുകയാണ് മര്‍കസ് നോളജ് സിറ്റിക്കാര്‍ ചെയ്തതെന്ന് ട്രിബ്യൂണലിലെ ഹരജിക്കാരനായ സവാദ് പറഞ്ഞു. 200 ചതുരശ്ര മീറ്റര്‍ നിര്‍മാണം ആ
വാമെന്നതിന്റെ പഴുതുപയോഗിച്ച് ഇവര്‍ ഭൂമിയെ വിവിധ കഷ്ണങ്ങളായി കാണിച്ച് നിര്‍മാണാനുമതി വാങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.