തിരുവനന്തപുരം- പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാട്ടാക്കടയിലെ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് ശേഖരിച്ചത്. ജനന രേഖകള്‍ സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചെന്ന തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ സ്ഥാനത്ത് നല്‍കിയത് തെറ്റായ പേരാണെന്നും അച്ഛന്റെ യും അമ്മയുടെയും മേല്‍വിലാസം തെറ്റായി നല്‍കിയെന്നും പരാതികള്‍ ഉണ്ടായിരുന്നു. ഈ പരാതികളടക്കം പരിശോധിക്കാനാണ് പോലീസ് ജനന രേഖകളടക്കം കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കേസിലെ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ അമ്മ സ്മിത ഉള്‍പ്പെടയുള്ള ആറുപേരെ ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് ഇന്നോ നാളെയോ പോലീസ് കടക്കും . അതേസമയം കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ട്. ഏപ്രില്‍ പത്തൊന്‍പതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാല്‍ പോലീസ് പറയുന്നത് ഏപ്രില്‍ മാസത്തിലല്ല പരാതി നല്‍കിയതെന്നാണ്. സെപ്റ്റംബറില്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. താന്‍ തെറ്റുകാരിയെങ്കില്‍ പോലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു.