തിരുവനന്തപുരം- കത്തിക്കയറുന്ന ഇന്ധന വിലയില്‍ ഞായറാഴ്ചയും വര്‍ധന ഉണ്ടായതോടെ കേരളത്തില്‍ പെട്രോള്‍ വില ലീറ്ററിന് 110 രൂപ പിന്നിട്ടു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസല്‍ വില 103 രൂപി കടന്നു. ഒരു മാസത്തിനിടെ 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ് കേരളത്തില്‍ വര്‍ധിച്ചത്. ആഗോള തലത്തില്‍ ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് എണ്ണയുല്‍പ്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് പറയപ്പെടുന്നു. ഒപെക് രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം കൂട്ടണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ധന വിലയും സാമ്പത്തിക രംഗവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.