- വേദിയിൽ ഇന്ത്യൻ നാടോടിനൃത്തം
- ഇന്ത്യൻ പവിലിയനിൽ രാജാവെത്തി
റിയാദ് - സൗദി അറേബ്യയുടെ സാംസ്‌കാരിക തനിമയിലേക്ക് ജാലകം തുറന്നിട്ട് മുപ്പത്തിരണ്ടാമത് ജനാദ്രിയ ഫെസ്റ്റിവലിന് പ്രൗഢോജ്വല തുടക്കം. കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ് അടക്കമുള്ള വിശിഷ്ടാതിഥികളുടെയും വിദേശ രാഷ്ട്ര പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു.
പ്രധാന ഇനമായ ഒട്ടകയോട്ട മത്സരത്തോടെയാണ് ജനാദ്രിയക്ക് സമാരംഭമായത്. തുടർന്ന് കിംഗ് അബ്ദുൽ അസീസ് അവാർഡ് വിതരണവും രാജാവ് നിർവഹിച്ചു. പ്രമുഖ അറബ് കലാകാരന്മാരുടെ ഗാനങ്ങളും നൃത്തങ്ങളും ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ നാടോടി നൃത്തവും അരങ്ങേറി. വേദിയിൽ നിന്നിറങ്ങി ഗോൾഫ് കാറിൽ ഗ്രാമത്തിന്റെ പ്രധാന ഭാഗങ്ങളും അതിഥി രാജ്യമായ ഇന്ത്യയുടെ പവിലിയനും രാജാവ് സന്ദർശിച്ചു. എട്ട് മണിയോടെയാണ് രാജാവ് ഇന്ത്യൻ പവിലിയനിലെത്തിയത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറും രാജാവ് എത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ പവിലിയനിൽ എത്തിയിരുന്നു. മന്ത്രി സുഷമ സ്വരാജ്, ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് തുടങ്ങിയവരാണ് രാജാവിനെ സ്വീകരിച്ചത്. ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് ഇന്ത്യൻ സമൂഹത്തിന് വേണ്ടി സുഷമ സ്വരാജ് രാജാവിനെ കൃതജ്ഞത അറിയിച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് ജാബിർ അൽസ്വബാഹ്, യു.എ.ഇയിലെ സായിദ് ബിൻ സുൽത്താൻ അൽനഹ്‌യാൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് ശൈഖ് നഹ്‌യാൻ ബിൻ സായിദ് ബിൻ സുൽത്താൻ അൽനഹ്‌യാൻ, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് അസ്അദ് ബിൻ താരിഖ് അൽസഈദ്, ബഹ്‌റൈൻ നാഷണൽ ഗാർഡ് പ്രസിഡന്റ് ശൈഖ് ജനറൽ മുഹമ്മദ് അൽഖലീഫ, നാഷണൽ ഗാർഡ് മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ, ഡെപ്യൂട്ടി നാഷണൽ ഗാർഡ് മന്ത്രി അബ്ദുൽമുഹ്‌സിൻ അൽതുവൈജിരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഒട്ടകയോട്ട മത്സരത്തിലെ വിജയികൾക്ക് രാജാവ് സമ്മാനങ്ങൾ വിതരണം ചെയ്തു.
നാലരയോടെയാണ് സൽമാൻ രാജാവ് ജനാദ്രിയ ഫെസ്റ്റിവൽ ഉദ്ഘാടനത്തിനെത്തിയത്. പ്രധാന കവാടത്തിലൂടെ വേദിയിലെത്തിയ രാജാവിനെ നാഷണൽ ഗാർഡ് മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ, സഹമന്ത്രി അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ് അൽതുവൈജരി എന്നിവർ സ്വീകരിച്ചു.
സൗദി-ഇന്ത്യ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ശക്തമാക്കുന്നതിനും ജനാദ്രിയ ഫെസ്റ്റിവലിൽ വിശിഷ്ടാതിഥി രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കാളിത്തം സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ പവിലിയൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഫോട്ടോയും ജി-20 ഉച്ചകോടിക്കിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.
ഇത്തവണ ഫെസ്റ്റിവൽ കാലം മൂന്നാഴ്ചയായി ദീർഘിപ്പിക്കുകയും പ്രവേശന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കുകയും ചെയ്തിട്ടുണ്ട്. 1985 ൽ ജനാദ്രിയ ഫെസ്റ്റിവൽ ആരംഭിച്ച ശേഷം ആദ്യമായാണ് 21 ദിവസം നീണ്ടുനിൽക്കുന്ന മേള. 32 വർഷം പിന്നിട്ടെങ്കിലും നവീന ആശയങ്ങൾ മുന്നോട്ടുവെച്ചും വ്യത്യസ്ത രാജ്യങ്ങളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചും ഓരോ വർഷവും ജനാദ്രിയ ഫെസ്റ്റിവൽ പുതുമോടി അണിയുന്നു.
കാലത്ത് മുതൽ തന്നെ ജനാദ്രിയ പ്രധാന കവാടം സൗദി റോയൽ ഫോഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു. മന്ത്രിമാരെയും വകുപ്പു തലവൻമാരെയും രാജകുടുംബാംഗങ്ങളെയും വിദേശ പ്രതിനിധികളെയും മാത്രമാണ് ഇതുവഴി കടത്തിവിട്ടത്. മൂന്നര മണിയോടെ ജനാദ്രിയ പ്രധാന റോഡ് പൂർണമായും അടച്ച് രാജാവിനും പ്രമുഖർക്കും വഴിയൊരുക്കി. നാഷണൽ ഗാർഡിന്റെ പ്രത്യേക പാസ് ലഭിച്ചവരെ യെല്ലാം പിൻഭാഗത്തെ ആറാം നമ്പർ കവാടത്തിലൂടെയാണ് കടത്തിവിട്ടിരുന്നത്. ഇവിടെയും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. (പേജ് 2, 11 കാണുക)