കണ്ണൂര്‍- അവ്യക്തമായ കയ്യക്ഷരമുള്ള ഡോക്ടര്‍മാരുടെ കയ്യക്ഷരം ശരിയാക്കാന്‍ കോടതി കയറാനൊരുങ്ങുകയാണ് ഫാര്‍മസിസ്റ്റുകള്‍. ഫാര്‍മസിസ്റ്റിനു മാത്രമല്ല അതേ കുറിപ്പടി മറ്റൊരു ഡോക്ടര്‍ക്ക് കൊടുത്താല്‍ പോലും മരുന്നിന്റെ പേര് വായിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും ഫാര്‍മസി കൗണ്‍സിലും മനുഷ്യാവകാശ കമ്മിഷനും വരെ ഡോക്ടറുടെ കയ്യക്ഷരം ശരിയാക്കാന്‍ രംഗത്തെത്തിയിരുന്നു. പിന്നെയും പഴയ രീതി തന്നെ ഡോക്ടര്‍മാര്‍ പിന്തുടര്‍ന്നതോടെയാണ് കോടതിയുടെ സഹായം തേടി ഫാര്‍മസിസ്റ്റുകള്‍ എത്തുന്നത്.
ഇപ്പോഴും പല ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റിനു പോലും മനസ്സിലാവാത്ത രീതിയിലാണ് മരുന്ന് കുറിച്ചുകൊടുക്കുന്നത്. മരുന്നുകളുടെ പേരുകള്‍ വ്യക്തമായി വലിയ അക്ഷരങ്ങളില്‍ എഴുതാന്‍ കേന്ദ്ര, സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ച സാഹചര്യത്തിലാണ് കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ പരമ്പരാഗത രീതി തന്നെ പിന്തുടരുന്നത്. മരുന്നുകളുടെ ജനറിക് നാമം ഉപയോഗിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടാതായതോടെ കുറിപ്പടിയിലെ തെറ്റിദ്ധാരണ കാരണം മരുന്ന് പോലും മാറിപ്പോയ സംഭവമുണ്ട്. രോഗികള്‍ വന്ന് പരാതി പറയുന്നത് മടുത്തതോടെയാണ് കേരള െ്രെപവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കുന്നതെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നവീണ്‍ ചന്ദ് പറയുന്നു.
മരുന്ന് കുറിപ്പടികള്‍ ജനറിക് നാമത്തില്‍ ഇംഗ്ലീഷിലെ വലിയ അക്ഷരത്തില്‍ എഴുതാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കണമെന്നാണ് പ്രധാന ആവശ്യം. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് വരുന്ന കുറിപ്പടികളില്‍ 90 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ്. ഇതില്‍ ചില മരുന്നുകളുടെ പേര് എത്ര ആവര്‍ത്തി നോക്കിയാലും പിടികിട്ടില്ല. മരുന്നിന്റെ പേരിനു പിന്നിലെ 'മോള്‍' എന്നു മാത്രം മനസിലാവുന്ന എഴുത്താണ് കൂടുതലും. ഫാര്‍മസിസ്റ്റിനു മാത്രമല്ല, ഏത് മരുന്നാണ് താന്‍ കഴിക്കുന്നതെന്ന് രോഗികള്‍ക്കും അറിയാനുള്ള അവകാശമുണ്ട്. എന്നാല്‍ അവ്യക്തമായ കുറിപ്പടി കാരണം മനുഷ്യാവകാശം കൂടിയാണ് ഡോക്ടര്‍ന്മാര്‍ ലംഘിക്കുന്നത്.
മരുന്നുകളുടെ എണ്ണം വന്‍തോതില്‍ കൂടിയ സാഹര്യത്തില്‍ ഏത് കമ്പനിയാണ് മരുന്ന് പുറത്തിറക്കുന്നതെന്ന് അറിയാന്‍ പറ്റാത്ത സാഹചര്യമുണ്ട്. ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രമുള്ള മരുന്നുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ വ്യക്തമായി എഴുതിയില്ലെങ്കില്‍ സാദൃശ്യം തോന്നുകയും മരുന്ന് മാറി നല്‍കുകയും രോഗിയെ സാരമായി ബാധിക്കാനും ഇടയുണ്ട്. കയ്യക്ഷരം മനസിലാകാതെ മരുന്ന് മാറി നല്‍കി അപകടം ഉണ്ടായാല്‍ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണെന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ 2014 ലെ നിര്‍ദേശമുണ്ട്. മരുന്ന് വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ ഫാര്‍മസിയില്‍ ആകെ കുഴങ്ങുക പാവം ഫാര്‍മസിസ്റ്റുമാരാണ്.
എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഇലക്ട്രോണിക് കുറിപ്പടി സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഇത്തരം പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാവും. പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഇത്തരത്തിലുള്ള ഇലക്ട്രോണിക് കുറിപ്പടി സംവിധാനമുണ്ട്. എന്നാല്‍ ചെറിയ ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും സര്‍ക്കാര്‍ പിഎച്ച്‌സികളിലും ഈ സംവിധാനമില്ല. ഏഴു വര്‍ഷം മുമ്പേ മെഡിക്കല്‍ കൗണ്‍സില്‍ മരുന്ന് കുറിപ്പടികള്‍ വ്യക്തമായി വലിയ അക്ഷരത്തില്‍ എഴുതണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇ-ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറി പടികള്‍ ഡിജിറ്റലാവുന്നുണ്ട്. പദ്ധതി എല്ലാ ആശുപത്രി കളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ മാത്രം പാതിവഴിയിലാണ്.
വായിക്കാന്‍ പറ്റാത്ത കുറിപ്പടി നല്‍കിയാല്‍ ഡിഎംഒക്ക് പരാതി നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്. പല വന്‍കിട ആശുപത്രിയിലും പ്രിന്റ് ചെയ്ത കുറിപ്പടികള്‍ കൊടുക്കുന്നുണ്ട്. കയ്യക്ഷരം മോശമായതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അലഹബാദ് ഹൈക്കോടതി മൂന്ന് ഡോക്ടര്‍മാര്‍ക്ക് പിഴയും താക്കീതും നല്‍കിയത് ഓര്‍മപ്പെടുത്തിയാണ് ഫാര്‍മസിസ്റ്റുകള്‍ കോടതിയിലേക്ക് പോകുന്നത്.