തിരുവനന്തപുരം- കുഞ്ഞിനെ തിരിച്ചുകിട്ടാനായി നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെ അനുപമയെ മന്ത്രി വീണാ ജോര്‍ജ്ജ് ഫോണില്‍ വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് അനുപമ പറയുന്നു. അമ്മ എന്ന വികാരം മനസിലാകുമെന്നും ഞാനും ഒരമ്മയാണെന്നും കാര്യങ്ങള്‍ വീണാ ജോര്‍ജ്ജ് അനുപമയോട് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമ സമരം തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി അനുപമയ്ക്ക് വാക്ക് നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അനുപമ പറയുന്നു. വീണാ ജോര്‍ജ് ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പാര്‍ട്ടി അനുപമയ്‌ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. അനുപമയുടേത് നിയമപരമായി പരിഹരിക്കേണ്ട വിഷയമാണ്, അനുപമയ്ക്ക് നീതി ഉറപ്പാക്കാന്‍ പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടി അറിഞ്ഞാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന ആരോപണം നിഷേധിക്കുകയായിരുന്നു അദ്ദേഹം.