Sorry, you need to enable JavaScript to visit this website.

അല്‍ ഖസീമിലെ മാതള മേള ഇനിയും കണ്ടില്ലേ... ഇവിടെ കൃഷിയുടെ ആഘോഷമാണ്

ബുറൈദ- സന്ദര്‍ശകര്‍ക്ക് ആനന്ദം പകരുന്ന കാഴ്ചകളുമായി അല്‍ഖസീമില്‍ റുമ്മാന്‍ ഫെസ്റ്റിവല്‍ തുടരുന്നു. അല്‍ഖസീം ബുക്കേരിയയിലാണ് റുമ്മാന്‍ (മാതളം) ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഫെസ്റ്റിവലില്‍ വെച്ച് മികച്ച കര്‍ഷകരെ ആദരിക്കും. അവസാന ഘട്ടത്തിലെത്തിയ റുമ്മാന്‍ ഫെസ്റ്റിവലില്‍ നൂറോളം സ്റ്റാളുകളിലായി വിവിധ മേഖലകളില്‍ നിന്നെത്തിയ റുമ്മാന്‍ കര്‍ഷകര്‍ തങ്ങളുത്പാതിപ്പിച്ച റുമ്മാന്‍ പഴങ്ങള്‍ പ്രദര്‍ശനത്തോടൊപ്പം വില്‍പനയും നടത്തുന്നുണ്ട്. അല്‍ഖസീം ഗവര്‍ണര്‍ ഡോ.ഫൈസല്‍ ബിന്‍ മിഷാല്‍ ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവല്‍ നഗരിയില്‍ അന്‍പതിനായിരത്തോളം റുമ്മാന്‍ മരങ്ങള്‍ സ്വന്തമായുള്ള റാഷിദ് അല്‍ കുബയ്യര്‍ എന്ന കര്‍ഷകന്റെ സ്റ്റാള്‍ മുതല്‍ ചുരുങ്ങിയ മരങ്ങളുമായി കൃഷി ചെയ്യുന്ന കര്‍ഷകരുടെ സ്റ്റാള്‍ വരെ ഇവിടെ കാണാന്‍ സാധിക്കും. സൗദി അറേബ്യയിലെ കര്‍ഷകര്‍ക്ക് കൃഷി കേവലം ഉപജീവനമാര്‍ഗം മാത്രമല്ല, അഭിമാനവും അതിലേറെ അതൊരു ആഘോഷവുമാണ്. ഓരോ കാര്‍ഷിക വിളയുടെയും പ്രധാന വിളവെടുപ്പു സമയം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ഈ സമയം, ആ രംഗത്തെ മികച്ച കര്‍ഷകരെ ആദരിക്കുകയും, വിളകള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുവാന്‍ സഹായിക്കുകയും പുതു തലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും. ഇത്തവണ റുമ്മാന്‍ കര്‍ഷകരുടെ ഊഴമാണ്. റുമ്മാന്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. റുമ്മാന്‍ പഴങ്ങള്‍ കൂടാതെ ഫെസ്റ്റിവല്‍ നഗരിക്കു മാറ്റു കൂട്ടാന്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പരമ്പരാഗതവും അല്ലാത്തതുമായ ഭക്ഷണ ശാലകകളും ഒരുക്കിയിട്ടുണ്ട്. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ നഗരി സന്ദര്‍ശിക്കുന്നത്. സൗദി, ഫ്രാന്‍സ് എന്നീ രണ്ടു ഇനം റുമ്മാന്‍ പഴങ്ങളാണ് പ്രധാനമായും നഗരിയില്‍ കാണാന്‍ സാധിക്കുന്നത്. മാതളത്തിന്റെ മനോഹരമായ കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഫെസ്റ്റിവല്‍ നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് അതൊരു മികച്ച അനുഭവമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

 

Latest News