തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് തിരുവനന്തപുരം സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ് കുറ്റപത്രം. ശിവശങ്കറിനെ 29-ാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വർണ്ണക്കടത്ത് അറിയാമായിരുന്നുവെന്ന കാര്യം ശിവശങ്കർ നിഷേധിച്ചിരുന്നെങ്കിലും ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
റമീസും സന്ദീപുമാണ് നയതതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിന് തുടക്കമിട്ടത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് ഇതിന് വേണ്ടി പണം മുടക്കിയത്. 2019 ജൂണിലാണ് പ്രതികൾ ആദ്യമായി സ്വർണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിവുണ്ടായിരുന്നില്ല. പിന്നീട് 21 തവണയായി 161 കിലോ സ്വർണം പ്രതികൾ കടത്തി. ഈ സമയങ്ങളിലാണ് ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിയുന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
മംഗലാപുരത്തെയും ഹൈദരാബാദിലെയും ജ്വല്ലറികൾക്കാണ് സ്വർണം കൈമാറിയത്. സ്ഥാപന ഉടമകളടക്കമുള്ളവരെ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. ദുബായ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടായിരുന്നതായും കുറ്റപത്രത്തിൽ കസ്റ്റംസ് വ്യക്തമാക്കി.