കൊണ്ടോട്ടി- സ്വര്‍ണക്കടത്ത് നടത്തിയ ജിദ്ദ പ്രവാസിയടക്കം രണ്ട് യാത്രക്കാര്‍ കരിപ്പൂരില്‍ അറസ്റ്റില്‍. ചപ്പാത്തിക്കല്ലിനുള്ളിലും സോക്‌സിനുള്ളിലും ഒളിപ്പിച്ച് കടത്തിയ 93 ലക്ഷത്തിന്റെ സ്വര്‍ണവുമായി എത്തിയ രണ്ട് യാത്രക്കാരാണ് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ജിദ്ദയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സമീജില്‍ (29) നിന്ന് 39 ലക്ഷത്തിന്റെ 796 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ബാഗേജിനകത്ത് ചപ്പാത്തി കല്ലിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കോഴിക്കോട് തലയാട് സ്വദേശി പി.എ ഷമീറില്‍ നിന്ന് 1.3 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. മസ്‌കത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ധരിച്ചിരുന്ന സോക്‌സിനകത്തായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ഇതില്‍ നിന്നും 53 ലക്ഷത്തിന്റെ 1108 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.