Sorry, you need to enable JavaScript to visit this website.

നബിദിനാശംസ നേര്‍ന്ന ജോസ് കെ. മാണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം

കോട്ടയം- ഫേസ് ബുക്കില്‍ നബിദിനാശംസ നേര്‍ന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം. ജോസ് കെ മാണിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഓണ്‍ലൈന്‍ യോഗങ്ങളുമായി ചില ക്രൈസ്ത വിഭാഗങ്ങളും രംഗത്ത് എത്തി. ക്ലബ് ഹൗസില്‍ ജോസ് കെ മാണിയും നബി തിരുമേനിയുടെ സന്ദേശങ്ങളും എന്ന പേരില്‍ 24ന് സംവാദം തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് ചിലര്‍.

അതിനിടെ ഫേസ് ബുക്കിലെ അതിരു കടന്ന പദപ്രയോഗങ്ങളെ തുടര്‍ന്ന് കമന്റ് ബോക്‌സ് ഓഫാക്കിയ നിലയിലാണ്.  സമുദായ സംഘടനയല്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ അധികവും വ്യാജപ്രൊഫൈലുകളില്‍ നിന്നാണെന്നാണ് പറയുന്നത്. പക്ഷേ അതിനിശിതമായ ഭാഷയിലാണ് വിമര്‍ശനം.


'പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇന്ന്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതന്‍ നബി തിരുമേനിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുക്കാം. ഈ പുണ്യദിനത്തിന്റെ പ്രാര്‍ഥന അതാവട്ടെ.' ഇങ്ങനെയായിരുന്നു ജോസ് കെ മാണിയുടെ പോസ്റ്റ്.

ഇത് മുസലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനാണെന്ന ആക്ഷേപം ഉയര്‍ത്തിയാണ് ഒരു വിഭാഗം ആഞ്ഞടിച്ചത്. പിന്നെ കമന്റിന്റെ സ്വഭാവം മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ 'സുഡാപ്പികളെ' സന്തോഷിപ്പിക്കാനാണ് ശ്രമമെന്നും അടുത്ത തവണയും കേരള കോണ്‍ഗ്രസ് എം പാലായില്‍ ജയിക്കില്ലെന്ന് ഉറപ്പായെന്നും ചിലര്‍ കമന്റ് ചെയ്തു. രൂക്ഷ വര്‍ഗീയതയിലാണുപല കമന്റുകളും. ജോസ് കെ മാണിയുടെ മാത്രം നബിദിനാശംസ വിവാദമാക്കിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എം നിലപാട്.


ജോസ് കെ മാണിയെ അധിക്ഷേപിച്ച് കമന്റ് ബോക്‌സിലെത്തിയത് ബിജെപി അനുകൂലികളാണെന്നും പലതും ഫേക്ക് പ്രൊഫൈലുകളാണെന്നുമാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം. ജോസ് കെ മാണിയുടെ പരാമര്‍ശത്തെ ചൊല്ലി വര്‍ഗീയത വളര്‍ത്താനുള്ള ശ്രമമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് എം അനുകൂല സോഷ്യല്‍ മീഡിയ വിഭാഗവും രംഗത്തുണ്ട്.

കേരള കോണ്‍ഗ്രസ് എന്നത് സമുദായ പാര്‍ട്ടിയല്ലെന്നും മന്നത്ത് പദ്മനാഭന്‍ തിരിതെളിച്ച പ്രസ്ഥാനമാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടികാട്ടിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവും മാധ്യമങ്ങളും കേരള കോണ്‍ഗ്രസിനെ ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയായി തളച്ചിടാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം.

ജോസ് കെ മാണി സമുദായ നേതാവല്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാണെന്നും കേരള കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഓര്‍മപ്പെടുത്തുന്നു. പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് സമുദായസംഘടനകളില്‍ പ്രവര്‍ത്തിക്കാനും മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്നും ഇതൊന്നും ആരും ചോദ്യം ചെയ്യാറില്ലെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.


ജോസ് കെ മാണിയെ ടാര്‍ഗറ്റ് ചെയ്യുന്ന വലിയൊരു വിഭാഗം ഉണ്ടെന്നും അവരാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാമര്‍ശം വിവാദമാക്കിയ അതേ വിഭാഗം തന്നെയാണ് ഇപ്പോഴും ചരടുവലിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അടുത്തയിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്കും കെ.എം മാണിക്കും എതിരെ വിദ്വേഷ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങിയിരുന്നു. പാലായിലെ തന്നെ ഒരു പ്രമുഖ നേതാവിന്റെ മകനായിരുന്നു ഈ പ്രചാരണത്തിനു പിന്നില്‍. അതിനിടിയിലാണ് പുതിയ വിവാദം.

 

Latest News