കൊച്ചി- കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് വൈസ് പ്രസിഡന്റ് സ്ഥാനമോ ജനറല്‍ സെക്രട്ടറി സ്ഥാനമോ പ്രതീക്ഷിച്ചിരുന്ന പത്മജ വേണുഗോപാല്‍. നിര്‍വാഹക സമിതി അംഗമായാണ് പത്മജയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേതൃത്വത്തിന്റെ തീരുമാനത്തില്‍ പരാതിയോ പ്രതിഷേധമോ ഇല്ലെന്നും പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നുവെന്നും സ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സംഘടനതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പ്രഖ്യാപിച്ചിരിക്കുന്ന കമ്മിറ്റിക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരാണ് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ട്രഷററായി അഡ്വ. പ്രതാപചന്ദ്രനെയും നിയോഗിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിങ്ങനെ മൂന്ന് വനിതകള്‍ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.