പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമുള്ള പ്രഖ്യാപനം സൗദിക്കകത്തുള്ള ജനങ്ങളെ മാത്രമല്ല, ലോകത്താകമാനമുള്ള ഇസ്‌ലാം മതവിശ്വാസികളെയും സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളെയും സന്ദർശകരെയുമെല്ലാം ഒരുപോലെ സന്തോഷിപ്പിച്ചിരിക്കുകയാണ്.
ഏതൊരു രാജ്യത്തിന്റെയും കരുത്ത് അവിടെ അധിവസിക്കുന്നവരുടെ ആത്മവിശ്വാസമാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയെ പോലുള്ള അതിതീവ്ര വ്യാപന പകർച്ചവ്യാധികളുടെ കാലത്ത്. തങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഭരണകൂടം കാവലാളായുണ്ടെന്ന പ്രതീതി ജനങ്ങളിലുണ്ടാവുമ്പോഴാണ് ആ രാജ്യം വികസനത്തിലും സമാധാനത്തിലും നീങ്ങുക. ഇക്കാര്യത്തിൽ സൗദി അറേബ്യ മാതൃകയാണ്. കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോഴും അതിനെ ചെറുക്കുന്നതിനു വേണ്ട എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് സൗദി ഭരണകർത്താക്കൾ സ്വീകരിച്ച മാർഗങ്ങൾ ലോകോത്തരമാണ്. രോഗ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചും രോഗം ബാധിച്ചവർക്ക് മികവുറ്റ ചികിത്സ നൽകിയും പ്രതിരോധ നടപടികളുടെ ഭാഗമായി വാക്‌സിൻ അതിവേഗം എത്തിച്ച് വിതരണം ചെയ്തുമെല്ലാം കോവിഡിനെ അകറ്റുന്നതിന് സൗദി സ്വീകരിച്ച നടപടികൾ അസൂയാവഹമാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികളും കിടയറ്റതായിരുന്നു. ലോക ശക്തികളെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളിൽ പോലും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ഭരണകർത്താക്കൾ പരാജയപ്പെട്ടപ്പോൾ അവിടങ്ങളിലെ ജനങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയുടെ മുൾമുനയിലൂടെയാണ് കടന്നു പോയത്. എന്നാൽ പൊതുസമൂഹത്തെ ഭീതിജനകമായ ആശങ്കയിൽനിന്ന് അകറ്റി നിർത്താൻ കോവിഡ് കാലത്ത് സൗദി അറേബ്യക്കായി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത വിധമായിരുന്നു സൗദിയുടെ ഓരോ നടപടികളും. കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ചിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ വൻതോതിൽ ലഘൂകരിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയതും ഇത്തരം നടപടികൾ കൊണ്ടാണ്.
കഴിഞ്ഞ ഒന്നര വർഷത്തിലേറെ മാസ്‌ക് ധരിച്ചു നടന്നിരുന്ന സൗദി ജനത ഇന്ന് മാസ്‌കില്ലാതെയാണ് പുറത്തിറങ്ങി നടക്കുന്നത്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമുള്ള പ്രഖ്യാപനം സൗദിക്കകത്തുള്ള ജനങ്ങളെ മാത്രമല്ല, ലോകത്താകമാനമുള്ള ഇസ്‌ലാം മതവിശ്വാസികളെയും സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളെയും സന്ദർശകരെയുമെല്ലാം ഒരുപോലെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ലോക മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രമായ മക്ക, മദീന സന്ദർശനം സാധ്യമാകുംവിധം ഇവിടങ്ങളിലെ നിയന്ത്രണം ഏതാണ്ട് പൂർണമായും നീക്കിയിരിക്കുകയാണ്. ഇത് തീർഥാടകരുടെ മനം കുളിർപ്പിക്കുന്നതാണ്. അതുപോലെ വിനോദ സഞ്ചാരികളെയും സന്ദർശകരെയും സ്വീകരിക്കാനും സൗദി ഒരുങ്ങിക്കഴിഞ്ഞു. സൗദി അംഗീകൃത വാക്‌സിൻ എടുത്തവർക്ക് ലോകത്തിന്റെ ഏതു കോണിൽനിന്നും നേരിട്ട് സൗദിയിലേക്ക് വരാമെന്നുള്ള പ്രഖ്യാപനത്തിനും അന്താരാഷട്ര വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ നീക്കിയുള്ള പ്രഖ്യാപനത്തിനും വേണ്ടിയാണ് ലോക ജനത ഇനി കാത്തിരിക്കുന്നത്. താമസിയാതെ അതുണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.
ഇരു ഹറമുകളിലും പൂർണ ശേഷിയിൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിൽ മക്കയിൽ സാമ്പത്തിക മേഖലയിൽ വരും ദിവസങ്ങളിൽ വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നും തീർഥാടകരും സന്ദർശകരും പ്രവഹിക്കുന്നതോടെ മക്കയിലെ ഹോട്ടലുകളിലും ഗതാഗത സംവിധാനങ്ങളിലും റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറുമെന്ന് ഉറപ്പാണ്. വിദേശത്തു നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിക്കാൻ 200 ഉംറ സർവീസ് കമ്പനികൾ സജ്ജമായിട്ടുണ്ട്. തീർഥാടകരെ സ്വീകരിക്കാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി, ഉയർന്ന ഗുണമേന്മയുള്ള രണ്ടര ലക്ഷത്തിലേറെ ഹോട്ടൽ മുറികളും മക്കയിൽ സജ്ജമാണ്.
സൗദിയുടെ പൊതു നിരത്തുകളും പൊതു സ്ഥലങ്ങളുമെല്ലാം പഴയ നിലയിലേക്ക് മടങ്ങി. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതോടെ എവിടെയും ഉണർവ് ദൃശ്യമാണ്. പൊതുഗതാഗത സംവിധാനങ്ങളിലെ വാഹനങ്ങൾ മുഴുവൻ സീറ്റുകളും പ്രയോജനപ്പെടുത്തിയാണ് യാത്ര. വിമാനത്താവളങ്ങളും പൂർണമായി ഉപയോഗിച്ചു തുടങ്ങി. സിനിമാ ശാലകൾ മുഴുവൻ സീറ്റുകളിലും കാണികളെ ഇരുത്തിയാണ് പ്രദർശനം. സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നു വന്നതോടെ വിവാഹം, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കേണ്ടവരുടെ എണ്ണത്തിലെ നിയന്ത്രണം നീങ്ങി. ഇതോടെ ഓഡിറ്റോറിയങ്ങളിലെയും വിശ്രമ കേന്ദ്രങ്ങളിലെയും ഒത്തുകൂടലുകൾ ആരംഭിച്ചു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സജീവമായി. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും കയറണമെങ്കിൽ മാസ്‌ക് വേണമെന്ന നിബന്ധനയുണ്ട്. അതു പാലിച്ചുകൊണ്ടാണ് ഇത്തരം കേന്ദ്രങ്ങളിലെ ഒത്തുചേരലുകൾ നടക്കുന്നത്. വ്യാപാര വാണിജ്യ മേഖലകളും പൊതു ഇടങ്ങളുമെല്ലാം സാധാരണ നിലയിലായതോടെ സൗദി ഏതാണ്ട് പൂർണമായും പഴയ നിലയിലായ പ്രതീതിയാണ്. ലോകത്ത് ലഭ്യമായ ഏറ്റവും നല്ല ചികിത്സയും വാക്‌സിനേഷനും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ നൽകിയാണ് സൗദി അറേബ്യ കോവിഡ് വെല്ലുവിളി അതിജീവിച്ച് ഈ നില കൈവരിച്ചിട്ടുള്ളത്.
സൗദി അറേബ്യ പോലെ തന്നെ കുവൈത്ത്, ഒമാൻ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ എന്നീ ആറു ഗൾഫ് രാജ്യങ്ങളിലെയും ജനജീവിതം ഏതാണ്ട് സാധാരണ നിലയിലേക്കു മടങ്ങിയിട്ടുണ്ട്. ഇതു കേരളത്തിനും ഉണർവ് പകർന്നിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളെല്ലാം കോവിഡ് പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാണ് കോവിഡ് ഭീതിയകറ്റിയത്. ഒക്ടോബർ 10 വരെയുള്ള കണക്കു പ്രകാരം 7.88 കോടി (7,88,43,115) ഡോസ് വാക്‌സിനാണ് ഇവിടങ്ങളിൽ വിതരണം ചെയ്ത്. ഗൾഫ് രാജ്യങ്ങളിൽ ആകെ 25,14,479 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 24,85,531 പേർ രോഗമുക്തി നേടിയപ്പോൾ 19,411 പേർ മരണപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ രോഗമുക്തി നിരക്ക് 98.8 ശതമാനമാണ്. സൗദിയിലെ 5,48,018 കോവിഡ് ബാധിതരിൽ 5,37,037 പേരും സുഖം പ്രാപിച്ചു. 8,767 പേരാണ് മരണമടഞ്ഞത്. സൗദി രോഗമുക്തി നിരക്ക് 98 ശതമാനമാണ്. സൗദി ജനസംഖ്യയിൽ അറുപത് ശതമാനത്തോളം പേർ വാക്‌സിൻ പൂർണ തോതിൽ എടുത്തവരാണ്. മറ്റുള്ളവരിലേക്കു കൂടി എത്തിക്കാനുള്ള തീവ്രയത്‌നം തുടരുന്നതോടൊപ്പം 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ വാക്‌സിൻ നൽകാനും തുടങ്ങി. ഈ ആത്മവിശ്വാസമാണ് സൗദിയെ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുള്ളത്.