പ്രിയങ്ക ഗാന്ധിയുടെ വരവോടെ പാർട്ടിയുടെ അടിത്തട്ടിൽ തന്നെ ചലനങ്ങൾ സൃഷ്ടിക്കാനായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഒരു തരംഗം സൃഷ്ടിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറുമോ എന്നത് വലിയ ചോദ്യമാണ്. ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക ഭൂമിക തന്നെയാണ് അത്തരം ഒരു ചോദ്യം ഉയർത്തുന്നത്.
രാജ്യത്തെങ്ങും പ്രവർത്തന ശൃംഖലയുള്ള ശക്തമായ മതേതര കക്ഷിയാണ് കോൺഗ്രസ്. ചില നേതാക്കളുടെ പ്രകടനം ഒട്ടും പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല. കോൺഗ്രസ് ഇന്ത്യ ഭരിച്ച പ്രതാപ കാലത്ത് പാർട്ടിക്ക് കൂടുതൽ ജനപ്രതിനിധികളെ ജയിപ്പിക്കാനായ സംസ്ഥാനം യു.പിയാണ്. അതേ യു.പിയിൽ 90 കൾക്ക് ശേഷം കാര്യങ്ങൾ അത്ര പന്തിയല്ല. പ്രിയങ്ക ഇന്ദിരാഗാന്ധിയെ ഓർമപ്പെടുത്തുന്നുവെന്ന് പറഞ്ഞത് ശിവസേന നേതാവ് ഉദ്ദവ് താക്കറെയാണ്. ഇത്തരമൊരു പ്രതിഛായ നിർമിതി ഇന്ത്യയിലെ ജനകോടികളെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ലഖിംപൂർ ഖേരിയിൽ കർഷകരെ കേന്ദ്ര മന്ത്രിയുടെ മകൻ കാറിടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു.
യോഗിയുടെ യു.പിയിൽ തടവിൽ പാർപ്പിക്കപ്പെട്ട പ്രിയങ്ക അതിഥി മന്ദിരം തൂത്തുവാരിയതൊക്കെ ഹൃദയങ്ങളെ തൊട്ടുണർത്തിയ സംഭവമാണ്. ഏത് മതവികാരത്തെയും മറികടക്കാൻ ഒരുപക്ഷേ സാധിക്കാവുന്ന ഘടകമായി ഇതൊക്കെ മാറിയേക്കാം. സാമൂഹ്യപാഠ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയതാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നത്. ഹിന്ദി ഹൃദയ ഭൂമിയിലെ കൃഷിക്കാർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. ആധുനിക ഇന്ത്യയുടെ ശിൽപി രാജീവ് ഗന്ധിയുടെ മകൾ ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്നതും ഇതേ വിഷയത്തിലാണ്.
2019 ഫെബ്രുവരി 4 ന് കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം, ദേശീയ ശ്രദ്ധ ആകർഷിച്ച ഒരുപാട് ഇടപെടലുകൾ പ്രിയങ്ക നടത്തിയിട്ടുണ്ട്. 2020 സെപ്റ്റംബർ 11 മുതൽ ഉത്തർ പ്രദേശിന്റെ മുഴുവൻ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഉന്നവ്, സോൻഭദ്ര, ഹാഥ്രസ്, ലഖിംപൂർ ഖേരി. എന്നീ നാല് സംഭവങ്ങളിലെ ഇടപെടലുകൾ ആണ് പ്രിയങ്കയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. സ്ത്രീകളേയും ആദിവാസികളേയും ദളിതരേയും കർഷകരേയും ഒക്കെ ബാധിക്കുന്ന വിഷയങ്ങളായിരുന്നു ഇവ.
ഏറ്റവും ഒടുവിൽ സംഭവിച്ചത് ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകമാണ്. രാജ്യമെങ്ങും നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ കൂടുതൽ പ്രകോപിതമാക്കുന്ന സംഭവം ആയിരുന്നു അത്. ലഖിംപൂർ ഖേരിയിലേക്ക് എത്താനുള്ള പ്രിയങ്കയുടെ യാത്ര യുപി പോലീസ് തടഞ്ഞതോടെയാണ് അത് ദേശീയ മാനം കൈവരിച്ചത്.
രണ്ടാമത്തേത് സോൻഭദ്ര സംഭവം ആയിരുന്നു. ഇവിടെയാണ് 2019 ജൂലൈ മാസത്തിൽ ഗ്രാമത്തലവന്റെ നേതൃത്വത്തിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടത്. അതിൽ മൂന്ന് പേർ സ്ത്രീകളായിരുന്നു. ആദിവാസി വിഭാഗത്തിൽ പെടുന്ന കർഷകർക്ക് നേരെ ആയിരുന്നു വെടിയുതിർത്തത്. സംഭവം നടന്ന് ഉടൻ തന്നെ കൊല്ലപ്പെട്ടവരുടെ വീടുകൾ പ്രിയങ്ക സന്ദർശിച്ചു. അന്നും അത് തടയാൻ ഉത്തർ പ്രദേശ് പോലീസ് ശ്രമിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വെച്ചായിരുന്നു കോൺഗ്രസ് അന്ന് സഹായധനം പ്രഖ്യാപിച്ചത്.
മനുഷ്യ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവം ആയിരുന്നു 2020 സെപ്റ്റംബറിൽ ഉത്തർ പ്രദേശിലെ ഹാഥ്രസിൽ സംഭവിച്ചത്. 19 വയസ്സുള്ള ദളിത് പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. ഈ വിഷയത്തിലും പ്രിയങ്ക ഗാന്ധി ഓടിയെത്തിയിരുന്നു. യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. യോഗി സർക്കാരിന് കീഴിലെ സ്ത്രീ സുരക്ഷ എന്നതായിരുന്നു പ്രിയങ്ക ഉന്നയിച്ച പ്രധാന വിഷയം. തനിക്കും 18 വയസ്സുള്ള ഒരു മകളുണ്ടെന്ന് പറഞ്ഞ് പ്രിയങ്ക നടത്തിയ പ്രതികരണം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഫാഥ്രസ് വിഷയത്തിൽ ഇരയാക്കപ്പെട്ടത് ദളിത് വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ്. ഉത്തർ പ്രദേശിലെ 20 ശതമാനം വരും ദളിത് ജനസംഖ്യ. അതുകൊണ്ട് തന്നെ ഹാഥ്രസ് സംഭവം സംസ്ഥാനത്ത് നിർണായകമായ ഒരു വിഷയമാണ്.
കർഷക സമരം യുപിയിലെ ഗ്രാമങ്ങളിലേക്ക് കൂടി പടർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ലഖിംപൂർ ഖേരിയിൽ പ്രതിഷേധത്തിനിടയിലേക്ക് ബിജെപിയുടെ കേന്ദ്ര മന്ത്രിയുടെ മകൻ വാഹനം ഇടിച്ച് കയറ്റിയതും നാല് കർഷകർ കൊല്ലപ്പെട്ടതും. തെരഞ്ഞെടുപ്പിന് അധികം സമയം ബാക്കിയില്ലാത്ത ഈ ഘട്ടത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നത് കോൺഗ്രസിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ ഊർജം നൽകുന്നതാണ്. ആരോപണ വിധേയനായ മന്ത്രി ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നു എന്നതും വലിയ വിഷയമാണ്. ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പലവട്ടം കലഹിച്ചിട്ടുണ്ടെന്നും ഇപ്പോൾ പടിഞ്ഞാറൻ യുപിയിലെ പല ഗ്രാമങ്ങളിലും ബിജെപി നേതാക്കൾക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മീററ്റ്, ഭാഗ്പത്, മുസഫർ നഗർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പ്രശ്‌നമാണ്. മിനിമം താങ്ങുവില നൽകുമെന്ന് ഉറപ്പാക്കിയാൽ കർഷകരോട് സംസാരിക്കാൻ തയാറാണെന്ന് മാലിക് ആവർത്തിച്ചു. ഗവർണർ തുറന്നു പറഞ്ഞതിലാണ് കാര്യം.
ബിജെപിക്കെതിരെ സ്ത്രീസമത്വവും ആയുധമാക്കുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്നും പ്രിയങ്ക പ്രഖ്യാപനത്തിനു ശേഷം അറിയിച്ചു.
സ്ത്രീകൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയും, അവർ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ തീരുമാനം ഉത്തർ പ്രദേശിലെ പെൺകുട്ടികൾക്കുള്ളതാണ്. ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ളതാണ് -പ്രിയങ്ക വ്യക്തമാക്കി.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ സ്ത്രീ ശക്തിക്ക് പ്രധാന പങ്കുണ്ട്, ആ പങ്കിന് രാഷ്ട്രീയ പങ്കാളിത്തം നൽകി ഞങ്ങൾ അവരെ ശാക്തീകരിക്കും -പ്രിയങ്ക പറഞ്ഞു.
നാൽപത് ശതമാനമാണ് സംവരണമെങ്കിലും അടുത്ത തവണ അത് 50 ശതമാനമാക്കും -പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കാൻ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 32 വർഷത്തിനിടെ നടന്ന കഴിഞ്ഞ ഏഴ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരിക്കൽ പോലും 50 സീറ്റുകളിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടിയ കോൺഗ്രസ് ഇപ്പോൾ വെറും ഒറ്റ സീറ്റിൽ ഒതുങ്ങിയിരിക്കുകയാണ്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് 28 സീറ്റായിരുന്നു. എന്നാൽ 2017 ആയപ്പോൾ അത് നാലിൽ ഒന്നായി ചുരുങ്ങി ഏഴിൽ എത്തിയിരിക്കുകയാണ്.
എങ്കിലും പ്രിയങ്ക ഗാന്ധിയുടെ വരവോടെ പാർട്ടിയുടെ അടിത്തട്ടിൽ തന്നെ ചലനങ്ങൾ സൃഷ്ടിക്കാനായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഒരു തരംഗം സൃഷ്ടിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറുമോ എന്നത് വലിയ ചോദ്യമാണ്. ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക ഭൂമിക തന്നെയാണ് അത്തരം ഒരു ചോദ്യം ഉയർത്തുന്നത്. ഇത്തവണ സഖ്യമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലായിരിക്കും ബി.ജെ.പിയുടെ പ്രതീക്ഷയും. കോൺഗ്രസ്, എസ്.പി, ബി.എസ്.പി പാർട്ടികൾ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചോളും. ഹൈദരാബാദിൽ നിന്ന് വണ്ടി കയറിയെത്തുന്ന വിദ്വാൻ ബാക്കി സഹായവും ചെയ്തു കൊള്ളും.