ദമാം - നൂറു കോടിയിലേറെ റിയാല്‍ ആസ്തിയുള്ള ബിനാമി സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ വിദേശികള്‍ക്ക് കൂട്ടുനില്‍ക്കുന്ന, സൗദി പൗരന്മാര്‍ക്ക് പ്രതിമാസം നാലായിരം റിയാല്‍ തോതില്‍ മാത്രമാണ് ലഭിക്കുന്നതെന്നും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിനു കീഴിലെ ബിനാമി ബിസിനസ് വിരുദ്ധ പോരാട്ട ടീം മേധാവി അബ്ദുല്‍മലിക് ബിന്‍ സുഫ്‌യാന്‍ പറഞ്ഞു.
ബിനാമി ബിസിനസുകള്‍ നടത്തുന്നവര്‍ക്ക് പദവി ശരിയാക്കാന്‍ അനുവദിച്ച സാവകാശത്തെ കുറിച്ച് വിശദീകരിക്കാന്‍ അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദവി ശരിയാക്കാന്‍ അനുവദിച്ച സാവകാശം ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുക്കുന്നവരും പ്രയോജനപ്പെടുത്തണം.
ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്താന്‍ വിദേശികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരില്‍ ഭൂരിഭാഗവും പ്രായംചെന്ന സ്വദേശികളാണെന്ന് പദവി ശരിയാക്കല്‍ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നവരുമായി ബന്ധപ്പെട്ട ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുന്ന ചുമതല വാണിജ്യ മന്ത്രാലയത്തിനും മുനിസിപ്പല്‍ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും മറ്റും വകുപ്പുകള്‍ക്കുമാണ്. ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കുന്ന കൃത്യമായ സൂചിക സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തയാറാക്കിയിട്ടുണ്ട്. ഭൂരിഭാഗം വ്യാപാര മേഖലകളെയും ഈ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കുമായും പ്രാദേശിക ബാങ്കുകളുമായും ഏകോപനം നടത്തിയും ബിനാമി ബിസിനസ് വിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചും വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികവും അല്ലാത്തുമായ സൂചനകള്‍ സൂചിക നല്‍കും.