റിയാദ്- റിയാദ് സീസണ്‍ 2021 ഉത്സവത്തിന് സൗദി തലസ്ഥാന നഗരിയില്‍ കൊടിയേറി. നഗരം ഉത്സവ ലഹരിയിലാണ്. ഉദ്ഘാടന ചടങ്ങിനുള്ള ടിക്കറ്റുകള്‍ ഒറ്റമണിക്കൂര്‍ കൊണ്ട് വിറ്റുതീര്‍ന്നതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ലോകമെമ്പാടും സഞ്ചരിക്കേണ്ട, ലോകത്തെ ഒറ്റസ്ഥലത്തേക്കു കൊണ്ടുവരുന്നു എന്നാണ് റിയാദ് സീസണ്‍ വെബ്‌സൈറ്റിലെ വിശേഷണം.
സൗദിയില്‍ ഇതാദ്യമായാകും ഇത്ര വിപുലമായ ഒരു ജനകീയോത്സവം. 1500 ലധികം കലാകാരന്മാരാണ് ഉദ്ഘാടന ദിനം അരങ്ങിലെത്തുക. ആകാശത്ത് വര്‍ണം വിരിയിക്കാന്‍ 2760 ഡ്രോണുകളാണ് പറക്കുക. വന്‍ വെടിക്കെട്ടും ആസ്വാദകരെ കാത്തിരിക്കുന്നു.
റിയാദ് നഗരത്തിന് ഇന്ന് ഉറങ്ങാത്ത രാത്രിയാണ്. നിരവധി വിനോദ പരിപാടികളാണ് ഈ ദിനങ്ങളില്‍ അരങ്ങേറുക. വിഖ്യാത പോപ് സംഗീതജ്ഞകും, അറബ്-പാശ്ചാത്യലോകത്തെ കലാകാരന്മാരും റിയാദിലെത്തും. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ആസ്വദിക്കാവുന്ന പരിപാടികളുണ്ട്. നഗരത്തിലെ 14 കേന്ദ്രങ്ങളിലായാണ് റിയാദ് സീസണ്‍ വിനോദ പരിപാടികള്‍ അരങ്ങേറുക.