കൊച്ചി- ശബരിമല ചെമ്പോല പട്ടയ വിവാദത്തില്‍ ചരിത്രകാരനായ എം.ആര്‍ രാഘവവാര്യരില്‍ നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. മോന്‍സന്റെ പക്കലുള്ള ചെമ്പോല ശബരിമല വിവാദത്തിന്റെ സമയത്ത് പുറത്തുകൊണ്ടുവന്നത് മോന്‍സണുമായി അടുത്ത ബന്ധമുള്ള പ്രമുഖ ന്യൂസ് ചാനലിന്റെ കൊച്ചി റിപ്പോര്‍ട്ടറായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ടി.വി ചര്‍ച്ചയില്‍ രാഘവവാര്യര്‍ ചെമ്പോലയിലെ വിവരങ്ങള്‍ ആധികാരികമാണെന്ന വിധത്തില്‍ സംസാരിച്ചിരുന്നു. ചെമ്പോലയിലെ വട്ടെഴുത്ത് വ്യാഖ്യാനിച്ചാണ് രാഘവ വാര്യര്‍ അതിലെ ഉള്ളടക്കം വ്യാഖ്യാനിച്ചത്. ശബരിമലയില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അന്ന് ചെമ്പോലയെക്കുറിച്ച് ആധികാരികമായി സംസാരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് രാഘവവാര്യരില്‍ നിന്ന് ചോദിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
കേസിലെ പരാതിക്കാരിയായ അനിത പുല്ലയിലില്‍നിന്നും ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കുന്നുണ്ട്. പുതുതായി പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ അടുത്ത ദിവസങ്ങളിലും തുടരും. വിദേശത്തുള്ള അനിതയില്‍നിന്ന് വീഡിയോ കാള്‍ മുഖേനയാണ് മൊഴിയെടുത്തത്.
എറണാകുളം പ്രസ് ക്ലബിന്റെ കുടുംബ മേളക്ക് മോന്‍സണ്‍ 10 ലക്ഷം രൂപ സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ക്ലബ് സെക്രട്ടറി പി. ശശികാന്തില്‍നിന്നു ക്രൈംബ്രാഞ്ച് ഇന്നലെ മൊഴിയെടുത്തു. മോന്‍സനുമായി അടുപ്പമുള്ള ക്ലബ് ഭാരവാഹിയായ സഹിന്‍ ആന്റണിയാണ് പത്തുലക്ഷം രൂപ കുടുംബമേളക്കായി മോന്‍സണില്‍നിന്നു വാങ്ങിയത്. പണം ക്ലബ് സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് നല്‍കിയത്. ഇതില്‍ രണ്ടു ലക്ഷം രൂപ താന്‍ കമ്മീഷനായി വാങ്ങിയെന്ന് ക്രൈംബ്രാഞ്ചിന് സഹിന്‍ ആന്റണി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശശികാന്തില്‍നിന്ന് മൊഴിയെടുത്തത്. കുടുംബ മേളക്കായി ചെലവാക്കിയ പണത്തിന്റെ രേഖകള്‍ ശശികാന്ത് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹിന്‍ ആന്റണിയെ വീണ്ടും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. ആരോപണത്തെ തുടര്‍ന്ന് സഹിന്‍ ആന്റണിയെ 24 ന്യൂസില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിച്ചിരുന്നു.