റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 82 ഹൂത്തി മിലീഷ്യകള്‍ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു. യെമനിലെ അല്‍ജോബയിലും അല്‍കസാറയിലും സഖ്യസേന നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഹൂത്തികള്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ ഹൂത്തികളുടെ 11 യുദ്ധോപകരണങ്ങള്‍ തകര്‍ന്നതായും സഖ്യസേന പറഞ്ഞു.
അതേസമയം, ഇറാന്‍ നടത്തുന്ന വൃത്തികെട്ട കളികള്‍ യെമനില്‍ സമഗ്രവും നീതിപൂര്‍വകവുമായ സമാധാനത്തിലേക്കുള്ള ഏതു അവസരത്തെയും ദുര്‍ബലപ്പെടുത്തുകയും രാജ്യത്തെ സുരക്ഷാ ഭദ്രതക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നതായി യെമന്‍ വിദേശ, പ്രവാസികാര്യ മന്ത്രി ഡോ. അഹ്‌മദ് ബിന്‍ അവദ് ബിന്‍ മുബാറക് പറഞ്ഞു. ഇറാനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ റോബര്‍ട്ട് മാലിയുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.