തിരുവനന്തപുരം- മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ 98 ാം പിറന്നാള്‍ ആരവങ്ങളില്ലാതെ കടന്നുപോയി. മകന്‍ അരുണ്‍കുമാറിനൊപ്പം വി.എസ് വിശ്രമ ജീവിതം നയിക്കുന്ന തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു പിറന്നാള്‍ ആഘോഷം. പായസം കൂട്ടി വി.എസ് പിറന്നാള്‍ സദ്യ കഴിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വ്യത്യസ്ത തുറകളിലുള്ള നിരവധി പ്രമുഖര്‍ വി.എസിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.ശിവന്‍കുട്ടി, കോണ്‍ഗ്രസ് എം.പി ജയ്‌റാം രമേശ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മുന്‍ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. നല്ല ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാകട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു. 'നിസ്വവര്‍ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വിഎസിന് ജന്‍മദിന ആശംസകള്‍' എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 'കര്‍ക്കശക്കാരനെങ്കിലും എന്നും കണ്ണില്‍ തിളക്കവും പുഞ്ചിരിയും നിലനിര്‍ത്തുന്നയാളാണ്. ലാളിത്യവും സത്യസന്ധതയും ഉള്ള മനുഷ്യന്‍' എന്ന് ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.