അങ്കമാലി- നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി ദിലീപിന് കൈമാറാനാകില്ലെന്ന് അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസിൽ എല്ലാ പ്രതികളും ഇന്ന് അങ്കമാലി കോടതിയിൽ ഹാജരായിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപാണ് ഹരജി നൽകിയത്. വിചാരണ സമയത്ത് പോലീസ് സമർപ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക പൊലിസ് കോടതിയിൽ നൽകി. ഇതു പ്രകാരം ഗൗരവ സ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിന് നേരത്തെ കൈമാറിയിട്ടരുന്നു. മൊഴിപകർപ്പുകൾ, വിവിധ പരിശോധന ഫലങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഫോൺ വിളി വിവരങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ നൽകിയത്. ഇവ പരിശോധിച്ച് ഉറപ്പ് വരുത്താൻ പ്രതിഭാഗത്തിന് ഇന്നു വരെ സമയം അനുവദിച്ചിരുന്നു. ആവശ്യപ്പെട്ട എല്ലാ രേഖകളും ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോഴും പ്രതിഭാഗം നിലപാട്.