റിയാദ് - സൗദിയില്‍ റെയില്‍ ഗതാഗതം ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൗദി അറേബ്യ റെയില്‍വെയ്‌സ് ടിക്കറ്റുകളില്‍ 70 ശതമാനം ഇളവ് നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യ റെയില്‍വെയ്‌സിന്റെ ആപ്പ് വഴി ഇന്ന് രാവിലെ പത്തു മുതല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കു മാത്രമാണ് ഇളവ് നല്‍കിയത്. ഇളവ് പ്രയോജനപ്പെടുത്താന്‍ 'റെയില്‍70' എന്ന കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റെയില്‍വെയ്‌സ് അറിയിച്ചിരുന്നു.
ഈ മാസം 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനു വേണ്ടി ഇന്ന് രാവിലെ പത്തു മുതല്‍ ബുക്ക് ചെയ്ത ടിക്കറ്റുകളിലാണ് റെയില്‍വെയ്‌സ് ഇളവ് അനുവദിച്ചത്. തെക്കു, കിഴക്കന്‍ പാതകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ബിസിനസ്, ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് ഒരുപോലെ ഇളവ് അനുവദിച്ചു. രാവിലെ പത്തു മുതല്‍ ആദ്യമായി നടത്തിയ 200 ബുക്കിംഗുകളിലാണ് റെയില്‍വെയ്‌സ് പ്രത്യേക ഇളവ് അനുവദിച്ചത്. രാജ്യത്ത് റെയില്‍ ഗതാഗതം ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ പത്തു മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇളവ് ലഭിക്കുമെന്ന കാര്യം ചൊവ്വാഴ്ച രാത്രി വൈകി മാത്രമാണ് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചത്.