മാഹി- സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത മാഹിയില്‍ സര്‍ക്കാര്‍-സഹകരണ ബസുകള്‍ ,ലോക്ഡൗണിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തിയതോടെ ജനം പെരുവഴിയിലായി. നാല് സര്‍ക്കാര്‍ ബസുകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസം ഓട്ടം തുടങ്ങിയത് തെല്ലൊരാശ്വാസവുമായി. മറ്റ് രണ്ട് ബസുകള്‍ ഇപ്പോഴും കട്ടപ്പുറത്തു തന്നെ. മാഹിയില്‍നിന്നു നിത്യേന പുതുച്ചേരിയിലേക്കുള്ള സര്‍ക്കാര്‍ ബസുകള്‍ ഇനിയും ഓട്ടം പുനരാരംഭിച്ചിട്ടില്ല. അതോടൊപ്പം മാഹിയിലെ നാല് സഹകരണ ബസുകളും കട്ടപ്പുറത്തായി.
പൊതുഗതാഗതം താറുമാറയതിനാല്‍ യാത്രാ ദുരിതം അനുഭവിക്കുന്നത് സാധാരണ ജനങ്ങളും. പന്തക്കലില്‍നിന്ന് മാഹിയിലേക്ക് 10 രൂപ ബസ് ടിക്കറ്റില്‍ എത്തേണ്ടിടത്ത് ഇപ്പോള്‍ 200 രൂപ ഓട്ടോ ചാര്‍ജ് നല്‍കേണ്ട അവസ്ഥയായി ബസ് തൊഴിലാളികളും കുടുംബവും ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലുമായി.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 21 മുതല്‍ ഓട്ടം നിര്‍ത്തിയ മാഹി - പന്തക്കല്‍ റൂട്ടിലോടുന്ന മാഹി ട്രാന്‍സ്‌പോര്‍ട്ട് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നാല് ബസുകള്‍ ഒന്നര വര്‍ഷത്തോളമായി വെയിലും മഴയും കടല്‍ക്കാറ്റുമേറ്റ് തുരുമ്പെടുക്കുകയാണ്. ഈ ബസിലെ 20 ല്‍ പരം വരുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഒന്നര വര്‍ഷത്തോളമായി കടുത്ത ദുരിതത്തിലാണ്.
പൊതു ഗതാഗതം താറുമാറാക്കി ബസ് വ്യവസായത്തെ തകര്‍ത്ത് സ്ഥാപനത്തിലെ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന അധികൃതരുടെ സമീപനത്തിനെതിരെ മാഹിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പുതുച്ചേരി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്.