Sorry, you need to enable JavaScript to visit this website.

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരെ സഹായിക്കാന്‍ ഇനി 'മീറ്റ് ആന്റ് ഗ്രീറ്റ് സര്‍വീസ്; പക്ഷെ പണമടക്കണം

നെടുമ്പാശ്ശേരി- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാന യാത്രക്കായി എത്തുന്ന വയോജനങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ആദ്യമായി വിമാന യാത്രക്ക് എത്തുന്നവര്‍  തുടങ്ങിയവര്‍ക്ക് സേവനം നല്‍കുന്ന 'മീറ്റ് ആന്റ് ഗ്രീറ്റ് സര്‍വീസിന്' വിപുലമായ സൗകര്യങ്ങളോടെ  തുടക്കമായി. അന്താരാഷ്ട്ര, ആഭ്യന്തര  ടെര്‍മിനലുകളില്‍ സേവനം ലഭ്യമാണ്. ആഭ്യന്തര ടെര്‍മിനലില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും രാജ്യാന്തര ടെര്‍മിനലില്‍നിന്നു  യാത്ര ചെയ്യാനെത്തുന്നവര്‍ക്കുമാണ് ഇപ്പോള്‍ സേവനം ലഭ്യമാകുന്നത്.

രാജ്യാന്തര ടെര്‍മിനലില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്കും അധികം  വൈകാതെ സേവനം ലഭ്യമാകും. ഈ സേവനങ്ങള്‍ക്കായി നിശ്ചിത ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്ക് ശേഷം വ്യോമയാന മേഖല സജീവമായതോടെ വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്.

സിയാലിനു വേണ്ടി സ്പീഡ് വിംഗ്‌സ് എയര്‍ സര്‍വീസ് ആണ് 'പ്രൈം ഫ്‌ളൈ മീറ്റ് ആന്‍ഡ് ഗ്രീറ്റ്' എന്ന പേരില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ടെര്‍മിനലിലെ കിയോസ്‌കുകള്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ യാത്രക്കാര്‍ക്ക് സേവനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. സേവനങ്ങള്‍ മൂന്ന് വിധത്തിലാണ്.
 
ബാഗേജ് അസിസ്റ്റന്‍സ്

വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ക്ക് കാറില്‍നിന്ന് ബാഗേജ് എടുത്ത് ചെക്ഇന്‍ ചെയ്യുന്നതു വരെയുള്ള സേവനം ലഭ്യമാകും. ഇരു ടെര്‍മിനലുകളിലും ഇതിന് 300 രൂപയാണ് ഫീസ്.


ചെക് ഇന്‍, ചെക് ഔട്ട് സര്‍വീസ്

ബാഗേജ് ടെര്‍മിനലിനകത്ത് എത്തിച്ചു നല്‍കുന്നതിനു പുറമെ ചെക്ഇന്‍ ചെയ്യാനും സഹായം ലഭിക്കും. യാത്ര പുറപ്പെടാനെത്തുന്നവര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോഴും യാത്ര കഴിഞ്ഞ് എത്തിയവര്‍ വിമാനത്തില്‍ നിന്നിറങ്ങി ടെര്‍മിനലില്‍ എത്തുമ്പോഴും കമ്പനി പ്രതിനിധി സ്വീകരിക്കാനുണ്ടാകും. തുടര്‍ന്ന് ചെക് ഇന്‍, ചെക് ഔട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുറപ്പെടാനെത്തുന്ന യാത്രക്കാരെ സെക്യൂരിറ്റി ഏരിയായിലും യാത്ര കഴിഞ്ഞെത്തുന്നവരെ കാറിനരികിലും ബാഗേജ് സഹിതം എത്തിക്കും. രാജ്യാന്തര ടെര്‍മിനലില്‍ 1000 രൂപയും ആഭ്യന്തര ടെര്‍മിനലില്‍ 750 രൂപയുമാണ് ഇതിനായി ഫീസ് നല്‍കേണ്ടത്.

ഫീല്‍ സേഫ് പദ്ധതി

വിമാനത്താവളത്തിലെത്തുന്നവരെ പ്രത്യേകം സ്വീകരിച്ച് ബാഗേജ് സഹിതം എല്ലാ ചെക് ഇന്‍, ചെക് ഔട്ട് സേവനങ്ങളും പൂര്‍ത്തിയാക്കി ബോര്‍ഡിംഗ് ഗേറ്റ് വരെയോ കാറിനരികിലോ എത്തിക്കുന്നതു വരെ സഹായി പൂര്‍ണമായും കൂടെയുണ്ടാകും. യാത്ര പുറപ്പെടാന്‍ എത്തുന്നവര്‍ക്ക് കാറിനടുത്ത് നിന്ന് മുതല്‍ ബോര്‍ഡിംഗ് ഗേറ്റ് വരെയും മടങ്ങിയെത്തുന്നവര്‍ക്ക് ബോര്‍ഡിംഗ് ഗേറ്റ് മുതല്‍ കാറിനരികില്‍ വരെയുമാണ് ഈ സേവനം. രാജ്യാന്തര ടെര്‍മിനലില്‍ 3000 രൂപയും ആഭ്യന്തര ടെര്‍മിനലില്‍ 2500 രൂപയുമാണ് ഈ സേവനത്തിന് ഫീസ് നല്‍കേണ്ടത്.

ആദ്യമായി വിമാന യാത്രയ്ക്ക് എത്തുന്നവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ഈ സേവനങ്ങള്‍ ഏറെ പ്രയോജനകരമായിരിക്കും.

 

Latest News