Sorry, you need to enable JavaScript to visit this website.

എതിർക്കാൻ നിൽക്കരുത്, കൊന്നു തള്ളാനും മടിക്കില്ല ഈ തിരുടൻമാർ

കുറുവ സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ

 

കോഴിക്കോട് : ആളുകളെ ഭീകരമായി ആക്രമിച്ച് മോഷണം നടത്തുന്ന തമിഴ്‌നാട്ടിൽനിന്നുള്ള കൊള്ള സംഘം കോഴിക്കോട് ഉൾപ്പെടെ വടക്കൻ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്ന പോലീസിന്റെ അറിയിപ്പിൽ ഭയന്ന് കഴിയുകയാണ് ജനങ്ങൾ. കോഴിക്കോട് ജില്ലയിലെ എലത്തൂർ പോലീസ് സ്‌റ്റേഷനിൽ രണ്ട് കേസുകൾ ഇവർക്കെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വലിയൊരു സംഘം ഇവിടേക്ക് എത്തിയിട്ടുണ്ടെന്നുമാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ് പറയുന്നത്.

ആളുകൾ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും വീടുകളിൽ കവർച്ച നടക്കുമ്പോൾ ഇവരെ എതിരിടാൻ ശ്രമിക്കാതെ ഉടൻ ഫോണിൽ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കണമെന്നുമാണ് പോലീസ് പറയുന്നത്. കുറുവ സംഘം എന്നറിയപ്പെടുന്ന ഈ മോഷണ സംഘം എതിർക്കുന്നവരെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ മടിക്കാത്തവരാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സംഘത്തിലെ ചിലർ കഴിഞ്ഞ ദിവസം പാലക്കാട്ട് പിടിയിലായിരുന്നു.

ഏറ്റവും അപകടകാരികളായ തമിഴ്‌നാട്ടിൽ നിന്നുള്ള മോഷണ സംഘമാണ് കുറുവ സംഘം. കേരളത്തിന് ഈ പേര് അപരിചിതമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി  കുറുവ സംഘം കേരളത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്തിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കവർച്ച കേസുകളിൽ ഈ സംഘത്തിലുള്ളവർ പ്രതികളാണെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ 'മലയാളം ന്യൂസിനോട് പറഞ്ഞു.' കുറുവ സംഘത്തെക്കുറിച്ച് പോലീസ് പറയുന്നതും പ്രചരിക്കുന്നതമായ കാര്യങ്ങൾ ഇങ്ങനെ : 

മാരക മുറിവേൽപ്പിക്കുന്നത്  ഇവർക്ക് ഹരം. കൊലപ്പെടുത്താനും മടിക്കില.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും സേലത്തും  മോഷ്ടാക്കൾ മാത്രം താമസിക്കുന്ന തിരുട്ട് ഗ്രാമങ്ങളുണ്ട്. അവിടെ നിന്നുള്ളവർക്കാണ് കുറുവ സംഘം എന്ന് പേരിട്ടിരിക്കുന്നത്. ഇവരുടെ കരുത്തുകൊണ്ടും മോഷണ രീതിയിലെ പ്രത്യേകത കൊണ്ടും തമിഴ്‌നാട്ടിലെ ഇന്റലിജൻസ് പോലീസാണ് ഇവരെക്കുറിച്ച് കുറുവ സംഘം എന്ന് വിശേഷിപ്പിക്കുന്നത്. 
നാൽപ്പതും അൻപതും അംഗങ്ങളുള്ള സംഘമായാണ് ഇവർ മോഷണത്തിനിറങ്ങുക.മോഷണത്തിന് ഇരയാക്കുന്നവരെ കൊലപ്പെടുത്തുകയോ മാരക രീതിയിൽ മുറിവേൽപ്പിക്കുകയോ ചെയ്യുന്നത് കുറുവ സംഘത്തിന് ഹരമാണ്. കൊല്ലും കൊലയും ആയുധപ്രയോഗങ്ങളും പരിശീലിച്ച നല്ല കായിക ശക്തിയുളളവരാണ് കുറുവ സംഘം. തമിഴ് നാട്ടിൽ കൊല നടത്തി മോഷണം അടക്കമുള്ള നിരവധി കേസുകളിൽ കുറുവ സംഘാംഗങ്ങൾ പ്രതികളാണ്.

കുടുംബത്തിന്റെ ചുമതല ഗ്രാമമൂപ്പന്

കുറുവ സംഘത്തിൽ പെട്ടവർ പോലീസ് പിടിയിലായി ജയിലിലായാൽ അവരുടെ കുടുംബത്തെ നോക്കേണ്ട ചുമതലയും ജയിലിൽ നിന്ന് ഇറക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതും  ഇവരുടെ മൂപ്പനാണ്. ഇതിനായി മോഷണമുതലിന്റെ ഒരു പങ്ക് തുടർച്ചയായി മൂപ്പനെ ഏൽപ്പിക്കണം. അങ്ങനെ ചെയ്യാത്തവരെ ഗ്രാമത്തിലേക്ക് അടുപ്പിക്കുകയോ അവരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യില്ല.

മോഷണം പാരമ്പര്യമായുള്ള കുടുംബ തൊഴിൽ

ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും മോഷണ സംഘത്തിൽ അംഗമായിരിക്കണം. ആരെങ്കിലും പിടിയിലായാൽ കുടുംബത്തിൽ നിന്ന് മറ്റൊരാൾ ഈ തൊഴിലിലേക്ക് വരണമെന്നാണ് ഗ്രാമത്തിലെ അലിഖിത നിയമം.  മോഷണം പാരമ്പര്യമായി നിലനിർത്തേണ്ട തൊഴിലായാണ് ഇവർ കാണുന്നത്. ഇരകളെ കൊന്നിട്ടായാലും പിടികൊടുക്കാതിരിക്കാൻ നോക്കണമെന്നാണ് ഇവരുടെ ട്രേഡ് സീക്രട്ട്.

എണ്ണ തേച്ച് മിനുക്കിയ ശരീരം

പകൽ സമയത്ത് ആക്രി പെറുക്കാൻ നടക്കുന്നവരെന്ന വ്യാജേന മോഷണത്തിനുള്ള വീടുകളും ഷോപ്പുകളും മറ്റും കണ്ടുവെച്ച് രാത്രിയിൽ മാരകായുധങ്ങളുമായി കവർച്ചക്കിറങ്ങും ശരീരം മുഴുവൻ എണ്ണ തേച്ച് മിക്കവാറും അടിവസ്ത്രമോ കൈലിയോ മാത്രം ധരിച്ചാവും മോഷണത്തിനിറങ്ങുക. വീടുകളുടെ മുൻവാതിൽ ആയുധങ്ങൾകൊണ്ട് തകർത്താണ് മിക്ക മോഷണങ്ങളും നടത്തുക.

ദിവസങ്ങൾക്കുള്ളിൽ തിരിച്ചു പോകും

മോഷണത്തിനെത്തുന്ന സംഘം പരമാവധി മോഷണം നടത്തി വേഗത്തിൽ തിരിച്ചു പോകുന്നതാണ് ഇവരുടെ രീതി. കുറേ ദിവസത്തേക്ക് മൊബൈൽ ഫോൺ ഓഫാക്കി എവിടെയെങ്കിലും തമ്പടിക്കും. അത് കഴിഞ്ഞാൽ അടുത്ത സംഘമെത്തും. പിടക്കപ്പെട്ടാൽ സംഘാംഗങ്ങളെ ഒറ്റിക്കൊടുക്കാതെ ഇവർ പിടിച്ചു നിൽക്കും.
 

Latest News