- കോട്ടും സ്യൂട്ടുമിട്ട വിദേശ മന്ത്രിമാരുടെ കാലം കഴിഞ്ഞെന്നും സുഷമ
റിയാദ് - സൗദി അറേബ്യയിലെ പ്രഥമ സന്ദർശനത്തിനെത്തിയ വിദേശ മന്ത്രി സുഷമ സ്വരാജിനെ ഇന്ത്യൻ സമൂഹം സ്‌നേഹവായ്‌പോടെ എതിരേറ്റു. ജനാദ്രിയ ആഘോഷത്തിന്റെ ഭാഗമായെത്തിയ അവർ ഇന്നലെ റിയാദ് ഇന്ത്യൻ സ്‌കൂളിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലുണ്ടാക്കിയെടുത്ത മതിപ്പിനെക്കുറിച്ച് എടുത്തു പറഞ്ഞു. ഏതു രാജ്യത്ത് ചെന്നാലും ഇന്ത്യക്കാരെക്കുറിച്ച് നല്ലതു മാത്രമേ കേൾക്കുന്നുള്ളൂ. ഇന്ത്യക്കാർ കഠിനാധ്വാനികളും നിയമ വ്യവസ്ഥകൾ അംഗീകരിക്കുന്നവരും സഹകരണ ശീലമുള്ളവരുമാണ്. നേരത്തെ ഇന്ത്യൻ എംബസികളിൽ ചെന്ന് സഹായമഭ്യർഥിക്കാൻ എല്ലാവർക്കും ഭയമായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറി. പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ അവരുടെ വീടു പോലെയാണ് എംബസികൾ. ഓരോ വിഷയങ്ങളിലും ഉടൻ പരിഹാരം നൽകാൻ എംബസികൾ മുന്നോട്ട് വരുന്നു.
30 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ ഏറ്റവും ശക്തനായ അംബാസഡറാണുള്ളത്. വിദേശകാര്യ മന്ത്രി എന്ന നിലയിൽ വിദേശത്തുള്ള ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളിലും താൻ സജീവമായി ഇടപെട്ടുവരുന്നുണ്ട്. കോട്ടും സ്യൂട്ടും ധരിച്ചുള്ള വിദേശകാര്യ മന്ത്രിമാരുടെ കാലം മാറി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായാണ് ഇടപെടുന്നത്. അതോടൊപ്പം ഓരോ വിഷയങ്ങളിലും പ്രധാനമന്ത്രിയുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ പുരാതനവും ആധുനികവുമായ ചരിത്രങ്ങളാണ് ജനാദ്രിയയിലെ ഇന്ത്യൻ പവിലിയനിലുള്ളതെന്നും മന്ത്രി പറഞ്ഞു. അംബാസഡർ അഹമ്മദ് ജാവേദ് ആമുഖ പ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളായ ശിഹാബ് കൊട്ടുകാടും സീനത്ത് ജാഫ്രിയും ചേർന്നാണ് മന്ത്രിയെ സ്വീകരിച്ചത്.