റിയാദ്- ഇഖാമയിലും വർക്ക് പെർമിറ്റിലും രേഖപ്പെടുത്തിയ ജോലിക്ക് വിരുദ്ധമായ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്ന തൊഴിലുടമക്ക് പതിനായിരം റിയാൽ പിഴ ലഭിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നിയമ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും അടങ്ങിയ പുതിയ പട്ടിക തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് അംഗീകരിച്ചു. ചില നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷകൾ ഉയർത്തുകയും മറ്റു ചില നിയമ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും പുതുതായി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
രണ്ടു വർഷത്തെ സേവനം പൂർത്തിയാകുന്നതിനു മുമ്പായി തൊഴിൽ രാജിവെക്കുന്നവർക്ക് സർവീസ് ആനുകൂല്യത്തിന് അവകാശമില്ലെന്നും ചട്ടങ്ങളിൽ പറയുന്നു. രണ്ടു വർഷത്തെ സർവീസ് പൂർത്തിയായ ശേഷമാണ് രാജിയെങ്കിൽ നിയമാനുസൃത സർവീസ് ആനുകൂല്യത്തിന്റെ മൂന്നിലൊന്നിനും അഞ്ചു വർഷം പൂർത്തിയായ ശേഷമാണെങ്കിൽ മൂന്നിൽ രണ്ടിനും അവകാശമുണ്ടാകും. പത്തു വർഷം പൂർത്തിയായ ശേഷമാണ് രാജിയെങ്കിൽ നിയമാനുസൃതമുള്ള പൂർണ സർവീസ് ആനുകൂല്യത്തിന് തൊഴിലാളിക്ക് അവകാശമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ലേബർ ഓഫീസിൽ ഫയൽ തുറക്കാത്ത സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിലെ വിവരങ്ങൾ പുതുക്കാത്ത സ്ഥാപനങ്ങൾക്കും 10,000 റിയാൽ പിഴ ലഭിക്കും. തൊഴിൽ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 1500 റിയാലാണ് പിഴ. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. പിഴ ചുമത്തി ഒരു മാസത്തിനകം നിയമ ലംഘനങ്ങൾ അവസാനിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്ത പക്ഷം ആവർത്തിച്ചതായി കണക്കാക്കി ഇരട്ടി തുക പിഴ ചുമത്തും.
ഈദുൽ ഫിത്‌റിനും ബലി പെരുന്നാളിനും നാലു ദിവസം വീതവും ദേശീയ ദിനത്തിന് ഒരു ദിവസവും സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് അവധി നൽകണമെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നു. വർഷത്തിൽ 21 ദിവസത്തിൽ കുറയാത്ത ലീവ് പൂർണ വേതനത്തോടെ ലഭിക്കുന്നതിനും തൊഴിലാളികൾക്ക് അവകാശമുണ്ട്. തൊഴിലുടമക്കു കീഴിൽ തുടർച്ചയായി അഞ്ചു വർഷം സേവനം പൂർത്തിയാക്കിയവർക്ക് പൂർണ വേതനത്തോടെ 30 ദിവസത്തെ വാർഷികാവധിക്ക് അവകാശമുണ്ട്.