തിരുവനന്തപുരം- കുട്ടിയെ തട്ടിയെടുത്തെന്ന പരാതിയില്‍ പിതാവായ സി.പി.എം പ്രാദേശിക നേതാവിനെതിരെ മൊഴി നല്‍കി മകള്‍ അനുപമ. പേരൂര്‍ക്കട പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. പ്രസവിച്ച് മൂന്നാം ദിവസം കുട്ടിയെ മാതാപിതാക്കള്‍ തന്നില്‍ നിന്ന് മാറ്റിയെന്നും അന്ന് മുതല്‍ പോലീസ് സ്റ്റേഷന്‍, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പേരൂര്‍ക്കട സ്വദേശി അനുപമ നേരത്തെ ആരോപിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തു കൊണ്ടുപോയെന്ന് കാണിച്ച് അനുപമ പോലീസില്‍ പരാതി നല്‍കിയത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പൊലീസ് തയാറായില്ലെന്ന് ഇവര്‍ പറഞ്ഞു. പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കള്‍ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും ആറുമാസത്തിന് ശേഷമാണ് പോലീസ് മൊഴി രേഖപ്പെടുത്താന്‍ തയാറായതെന്ന് അവര്‍ പറഞ്ഞു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം.