Sorry, you need to enable JavaScript to visit this website.

 മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്കയുടെ ഇഷ്ട വേദിയിൽ

പരിശീലനത്തിനിടയിൽ ഷാമി ഫുട്‌ബോൾ കളിക്കുന്നു.

കേപ്ടൗൺ - ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ 1-2 തോൽവി വാങ്ങിയ ഇന്ത്യ ഏകദിന പരമ്പരയിൽ കിരീടത്തിലേക്ക്. ആറു മത്സര പരമ്പരയിലെ ആദ്യ രണ്ടു കളികളും ജയിച്ച സന്ദർശകർക്ക് ഇന്നത്തെ മൂന്നാമത്തെ മത്സരം ജയിച്ചാൽ കിരീടമുറപ്പിക്കാം. എങ്കിൽ നീണ്ട കാത്തിരിപ്പിന്റെ അന്ത്യമാവും അത്. അവസാനമായി 2010 ലാണ് ദക്ഷിണാഫ്രിക്കയെ പരമ്പരയിൽ ഇന്ത്യ തോൽപിച്ചത്. 
ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാർക്കും പരിക്കുകൾക്കും മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ദക്ഷിണാഫ്രിക്കക്ക് പരമ്പരയിൽ തിരിച്ചുവരവ് പ്രയാസമാവും. എന്നാൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും പ്രിയപ്പെട്ട വേദിയായ ന്യൂലാന്റ്‌സിലാണ് ഇന്ന് മത്സരം. ഇവിടെ കളിച്ച 33 മത്സരങ്ങളിൽ ഇരുപത്തെട്ടും ദക്ഷിണാഫ്രിക്ക ജയിച്ചിട്ടുണ്ട്.
ആദ്യ രണ്ടു കളികളിലും യുസ്‌വേന്ദ്ര ചഹലിനും കുൽദീപ് യാദവിനും മുന്നിൽ മറുപടിയില്ലാതെ പരുങ്ങുകയായിരുന്നു ആതിഥേയർ. ഇനിയുള്ള 10 ദിവസത്തിനിടെ നാല് ഏകദിനങ്ങളും ജയിച്ചാലേ കിരീടം സ്വന്തമാക്കാൻ അവർക്കു സാധിക്കൂ. ഫാഫ് ഡുപ്ലെസിയെയും എബി ഡിവിലിയേഴ്‌സിനെയും ക്വിന്റൻ ഡികോക്കിനെയും പരിക്കു കാരണം നഷ്ടപ്പെട്ട ടീമിന് തിരിച്ചുവരവ് ബാലികേറാമലയാണ്. 
ക്വിന്റൻ ഡികോക്കിന്റെ അഭാവത്തിൽ ഓപണറെയും വിക്കറ്റ്കീപ്പറെയും കണ്ടെത്തേണ്ട ഇരട്ട ഭാരമാണ് ദക്ഷിണാഫ്രിക്കക്ക്. നായകൻ എയ്ദൻ മാർക്‌റം ടെസ്റ്റിലെന്ന പോലെ ഏകദിനത്തിലും ഓപണറുടെ ജോലി ഏറ്റെടുക്കും. ജെ.പി ഡുമിനി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യും. വിക്കറ്റ്കീപ്പർ ഹെയ്ൻറിഷ് ക്ലാസൻ അരങ്ങേറും. കഴിഞ്ഞ മത്സരത്തിൽ രണ്ട് സ്പിന്നർമാരെ അവർ കളിപ്പിച്ചിരുന്നു. ഇംറാൻ താഹിറിനെയും തബ്‌രൈസ് ഷംസിയെയും. ഷംസിക്കു പകരം ബാറ്റ്‌സ്മാൻ ഫർഹാൻ ബഹാർദിയേനോ ഓൾറൗണ്ടർ ആൻഡിലെ ഫെഹ്‌ലുക്‌വായോയോ ടീമിലെത്തും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ടീമിൽ മാറ്റം വരുത്താനിടയില്ല. ന്യൂലാന്റ്‌സിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്ക ഏകദിനത്തിലും അതാവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്. ബാറ്റ്‌സ്മാന്മാരുടെ ഗ്രൗണ്ടായാണ് ന്യൂലാന്റ്‌സ് അറിയപ്പെടുന്നത്. അവസാന ആറ് മത്സരങ്ങളിൽ ഇവിടെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോർ 311 ആണ്. 

 

Latest News